തിരുപ്പൂർ: ഏഴുവയസുകാരി മകൾക്ക് അമിതമായ അളവിൽ മരുന്നുനൽകി അബോധാവസ്ഥയിലാക്കി റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡോക്ടറായ അമ്മയെ പോലീസ് കണ്ടെത്തി. ബംഗളൂരു സ്വദേശിയായ ശർമ്മിളയെയാണ് (39) കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
വിവാഹബന്ധം ഉപേക്ഷിച്ചെന്നും ശർമിള ഡോക്ടറാണെന്നും പോലീസ് പറഞ്ഞു. വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന ശർമിളയ്ക്ക് മകൾ ഒരു ബാധ്യതയായതിനാൽ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
പോലീസ് കണ്ടെത്തുമ്പോൾ വിഷം കഴിച്ച് അവശനിലയിലായിരുന്നു ശർമിള. ഇവരെ ചികിത്സയ്ക്ക് ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പൂർ അവിനാശിക്കടുത്തുള്ള ദണ്ടുകാരംപാളയത്താണ് ശർമിള കുട്ടിയെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ ശബ്ദംകേട്ടെത്തിയ കർഷകത്തൊഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. കുട്ടിയെ ഉടൻ തിരുപ്പൂർ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് കുട്ടി ചുമയുടെ മരുന്ന് അമിതമായി കഴിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
തുടർന്ന്, കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അവിനാശിക്കടുത്ത് റോഡരികിൽ ശർമിളയെ കണ്ടെത്തിയത്. ഇവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തതോടെയാണ് ശർമിളയെ പോലീസ് ചോദ്യംചെയ്തത്.
Discussion about this post