കോഴിക്കോട്: ‘കാലം കാത്തുവെച്ച കാവ്യനീതിയാണ് ഡോ. ബീന ഫിലിപ്പ്’ ഇത് കോഴിക്കോട് മേയറായി അധികാരമേല്‍ക്കാനിരിക്കുന്ന ബീന ഫിലിപ്പിനെ കുറിച്ച് ഫേസ്ബുക്കില്‍ നിറയുന്ന കുറിപ്പിലെ വരികളാണ്. പിഎസ് ഇക്ബാല്‍ ആണ് ബീന ഫിലിപ്പിനെ കുറിച്ചുള്ള ഉള്ളംതൊടുന്ന കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ബിന ഫിലിപ് വെള്ളികുളങ്ങരക്കാരിയാണ് എന്നതും ഒപ്പം സഖാവിന്റെ പിതാവ് മാന്താനത്ത് ഫിലിപ്പിന്റേയും വെള്ളികുളങ്ങരയുടേയും കമ്യൂണിസ്റ്റ് ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടവുമാണ് ഇക്ബാല്‍ തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. തൃശൂരിലെ കിഴക്കന്‍ മലയോര ഗ്രാമമായ വെള്ളിക്കുങ്ങരയില്‍ നിന്നും ഡോ. ബീനാ ഫിലിപ്പ് മലബാറിന്റെ തലസ്ഥാനനഗരിയായ കോഴിക്കോടിന്റെ മേയറാകുന്നു.
.
ബാല്യകാല സുഹൃത്തും നാട്ടുകാരനുമായ ഒരാളുടെ അഭിമാനവും ആഹ്ലാദവും എന്നെ വീര്‍പ്പുമുട്ടിക്കുന്നു. അതിലുപരിയായി സഖാവ് ഫിലിപ്പിന്റെ മകളുടെ അനിവാര്യവും നൈതികവുമായ ഒരു ചരിത്രനിയോഗമായി ഞാനിതിനെ കാണുന്നുവെന്ന് ഇക്ബാല്‍ കുറിക്കുന്നു. മലബാറിന്റെ ഹൃദയ നഗരിയിലെ ബീനയുടെ അദ്ധ്യക്ഷപദവി പ്രതീക്ഷകളെ കവച്ചുവെക്കുന്നതാകുമെന്ന് രേഖപ്പെടുത്താനാണ് ഞാനിഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ബീന ഫിലിപ്പിലെ ഫിലിപ്പ്*
തൃശൂരിലെ കിഴക്കൻ മലയോര ഗ്രാമമായ വെള്ളിക്കുങ്ങരയിൽ നിന്നും ഡോ. ബീനാ ഫിലിപ്പ് മലബാറിന്റെ തലസ്ഥാനനഗരിയായ കോഴിക്കോടിന്റെ മേയറാകുന്നു.
.
ബാല്യകാല സുഹൃത്തും നാട്ടുകാരനുമായ ഒരാളുടെ അഭിമാനവും ആഹ്ലാദവും എന്നെ വീർപ്പുമുട്ടിക്കുന്നു.
അതിലുപരിയായി സഖാവ് ഫിലിപ്പിന്റെ മകളുടെ അനിവാര്യവും നൈതികവുമായ ഒരു ചരിത്രനിയോഗമായി ഞാനിതിനെ കാണുന്നു.
മലബാറിന്റെ ഹൃദയ നഗരിയിലെ ബീനയുടെ അദ്ധ്യക്ഷപദവി പ്രതീക്ഷകളെ കവച്ചുവെക്കുന്നതാകുമെന്ന് രേഖപ്പെടുത്താനാണ് ഞാനിഷ്ടപ്പെടുന്നത്.
എന്റെ ബാല്യകാലത്തു
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആൾരൂപമായി ഞങ്ങൾ കണ്ടിരുന്നത് മാന്താനത്ത് ഫിലിപ്പിനെയാണ്.
ആജാനുബാഹുവായ, ആകാരസൗഷ്ഠവമുള്ള ഫിലിപ്പേട്ടൻ ചെങ്കൊടിയേത്തി ,മുന്നിൽ നിന്നു നയിക്കുന്ന പ്രകടനങ്ങൾ ഇപ്പോഴും എന്റെ മനസ്സിനെ പ്രകമ്പനം കൊള്ളിക്കുന്നു.
കൂപ്പുതൊഴിലാളികൾ ,ചുമട്ടുതൊഴിലാളികൾ, ചെറുകിട ടാപ്പിംഗ് തൊഴിലാളികൾ – അവരുടെ സംഘടനയെ കെട്ടിപ്പെടുക്കുന്നതിനും പിടിച്ചെടുക്കുന്നതിനും ഏറ്റുമുട്ടലുകളും സംഘട്ടനങ്ങളും അക്കാലത്തു നാട്ടിൽ പതിവായിരുന്നു.
നാടൻബോബും പന്നി പ്പടക്കവും ശത്രുക്കൾക്കു നേരെ പ്രയോഗിക്കപ്പെട്ടിരുന്നു. രൂക്ഷമായ സംഘട്ടനങ്ങൾ കൊലപാതകങ്ങളിലാണ് അവസാനിച്ചത്.
എന്റെ നാട്ടിലെ എല്ലാ പ്രതിസന്ധികളിലും ഒട്ടും പതറാതെ അചഞ്ചലനായി നിന്നുകൊണ്ട് ഫിലിപ്പേട്ടൻ പ്രസ്ഥാനത്തെ നയിച്ചു.
കേരളത്തിന്റെ നവോത്ഥാനസമര ചരിത്രത്തിൽ വളരെ ശ്രദ്ധേയമായ നാടാണ് കൂത്താട്ടുകുളം.അവിടെ നിന്നാണ് ഫിലിപ്പേട്ടന്റെ കർഷകകുടുംബം വെള്ളിക്കുളങ്ങരയിലേക്ക് കൂടിയേറിയത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നേ ഫിലിപ്പേട്ടൻ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചിരുന്നു.
.കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനത്തെ തുടർന്നുള്ള അടിച്ചമർത്തലുകൾ, കർഷകപ്രക്ഷോഭങ്ങൾ, പരിയാരം കൊലക്കേസ് ഇതെല്ലാം ഫിലിപ്പേട്ടന്റെ യൗവ്വനകാലത്തെ തീക്ഷ്ണമാക്കിയിരുന്നു.
രണ്ടു പതിറ്റാണ്ടുകാലം ഫിലിപ്പേട്ടൻ സി.പി.ഐ. (എം)ന്റെ ബ്രാഞ്ചുസെക്രട്ടറിയായി പ്രവർത്തിച്ചു.
സൗമ്യനും സ്നേഹ സമ്പന്നനുമായ ഫിലിപ്പേട്ടനാണ് എന്റെ തലമുറയെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. എനിക്ക് പാർട്ടി മെമ്പർഷിപ്പ് നല്‍കുന്നത് ഫിലിപ്പേട്ടനാണ് .
പിന്നീട് ഞാൻ പാർട്ടി ഏരിയാകമ്മിറ്റി അംഗമായ കാലത്ത് ഫിലിപ്പേട്ടന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്ന സംഭവം ഓർമ്മ വരുന്നു. അതിനായി പാർട്ടി ബ്രാഞ്ചിൽ പങ്കെടുക്കേണ്ടിവന്നു. . അത് ഈ മനസ്സിൻ്റെ നീറ്റലായും ഇപ്പോഴും അവശേഷിക്കുന്നു.
പാർട്ടിചരിത്രത്തിലും പ്രത്യയശാസ്ത്രത്തിലും സംഘടനാനടപടികളിലും അവഗാഹമായ അറിവും ധാരണയും ഫിലിപ്പേട്ടനുണ്ടായിരുന്നു. നല്ല വായനക്കാരനുമായിരുന്നു ഫിലിപ്പേട്ടൻ .എന്നിട്ടും ബ്രാഞ്ചിനു മുകളിലേക്കു ഉയരുന്നതിനു കഴിയാതെ പോയി.. അദ്ദേഹമത് ആഗ്രഹിച്ചിരുന്നുമില്ല. വളരെ ചുരുങ്ങിയ കാലം മാത്രമേ ലോക്കൽ കമ്മിറ്റിയിലുമുണ്ടായിരുന്നുള്ളൂ. പാർട്ടി അച്ചടക്കത്തിന്റെ സമചതുരത്തിനുള്ളിൽ ഒതുങ്ങി സമവാക്യങ്ങൾ പാലിക്കുന്നതിൽ അദ്ദേഹം നിസ്സഹായനായിരുന്നു.
വിമോചനസമര കാലത്തു കോൺഗ്രസ് വളണ്ടിയർമാർ മദ്യഷാപ്പുകൾ പിക്കറ്റുചെയ്തപ്പോൾ ഫിലിപ്പേട്ടൻ അതിനെ എതിർത്തു. പാർട്ടി തീരുമാനമായിരുന്നത്.അതിന്റെ പരിണതഫലം ജീവിതം തന്നെ തകരുന്ന അവസ്ഥയിലേക്ക് എത്തിച്ചതാണ്. ഇത്തരം ദൗർബ്ബല്യങ്ങൾ തുടർന്നപ്പോൾ പൊതു ജീവിതത്തെയും കുടുംബ ജീവിതത്തെയും അത് സാരമായി ബാധിച്ചു.
സജീവമായി. പ്രസ്ഥാനത്തിൽ പ്രവർത്തിച്ച കാലത്ത് ഫിലിപ്പേട്ടന്റെ പൊതുജീവിതം അതിരാവിലെ. ആരംഭിക്കുന്നു. തൊഴിൽ പ്രശ്നങ്ങൾ, പോലീസ് കേസ്, അതിർത്തി തർക്കങ്ങൾ, കുടുംബ പ്രശ്നങ്ങൾ തുടങ്ങി ജനങ്ങളുടെ നാനാവിധ പ്രശ്നങ്ങളിൽ ഫിലിപ്പേട്ടൻ മധ്യസ്ഥനായിരുന്നു.
കൃഷിക്കാരനായിരുന്ന ഫിലിപ്പേട്ടന്ന് തന്റെ കൃഷിയിടങ്ങൾ ശ്രദ്ധിക്കാൻ കഴിയാതെയായി.പാർട്ടിയെ വളർത്തുന്നതിനോടൊപ്പം തന്നെ കൃഷിഭൂമിയിൽ കാടും പടലും പടർന്നു കയറി.
സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന് പിന്നീട് പലതും വിറ്റുതീർക്കേണ്ടി വന്നു. ബീനയും സാബുവും ബാബുവും ജോണിയും വിദ്യാർത്ഥികളായിരുന്നു.സാമ്പത്തിക പ്രശ്നങ്ങളും ജീവിതത്തിന്റെ അരക്ഷിതാവസ്ഥയും ബീനയുടെ അമ്മ അമ്മിണിചേച്ചിയെ മാനസികമായ അസ്വസ്ഥതയിലേക്കു നയിച്ചു.
സങ്കടങ്ങളും പരാതികളുമായി അമ്മിണി ചേച്ചി പലപ്പോഴും എന്റെ വീട്ടിൽ വന്നിട്ടുണ്ട്. എന്റെ വീടുമായി വളരെ അടുത്ത സൗഹൃദമാണ് കുടുംബാംഗങ്ങൾക്ക് ഉണ്ടായിരുന്നത്. അമ്മിണി ചേച്ചിയുടെ ചോദ്യങ്ങൾക്കു ഉത്തരം പറയുന്നതിനു കഴിയാതെ ഞാൻ വിഷമിപ്പിച്ചിട്ടുണ്ട്. സങ്കടകരമായ ജീവിതാവസ്ഥ പിന്നീട് അമ്മിണി ചേച്ചിയുടെ മാനസിക സമനില പാടെ തെറ്റിച്ചു.
രാഷ്ട്രീയ സംഘടനാപ്രവർത്തനം സഖാവിനു പ്രാണവായു പോലെയായിരുന്നു. പ്രസ്ഥാനവുമായി അത്രയും അടുത്ത ജൈവ ബന്ധമാണുണ്ടായിരുന്നത്. ഞാൻ എസ്.എഫ്.ഐ യുടെയും ഡി.വൈ.എഫ്.ഐ യുടെയും സംസ്ഥാന നേതൃത്വത്തിലേക്കു വന്നതിൽ അതിയായ അഭിമാനവും സന്തോഷവുമാണ് ഫിലിപ്പേട്ടനുണ്ടായിരുന്നത്.ഒരു കമ്യൂണിസ്റ്റുകാരന്റെ നന്മയും ഹൃദയവിശുദ്ധിയും ഞാൻ തൊട്ടറിയുന്നത് ഫിലിപ്പേട്ടനിലൂടെയാണ്.
മുകുന്ദപുരം ലോകസഭാ സീറ്റിൽ എം.എം.ലോറൻസ് സ്ഥാനാർത്ഥിയായിരുന്ന കാലം. ഞാനന്ന് ചാലക്കുടി മേഖലയിലെ പ്രധാന പ്രസംഗകനാണ്. ചാലക്കുടി ടൗണിൽ തന്നെ നടന്ന ഒരു പൊതുയോഗം അവസാനിച്ചപ്പോൾ രാത്രി പത്തു മണി കഴിഞ്ഞിരുന്നു. ഞങ്ങൾ പിരിഞ്ഞുപോകുന്നതിനു തുടങ്ങുമ്പോൾ ഒരു ഇലക്ട്രിക്ക് പോസ്റ്റിനടുത്ത് ഒറ്റയ്ക്കു ഫിലിപ്പേട്ടൻ നില്ക്കുന്നു. ഒട്ടും സുഖകരമായ അവസ്ഥയിലായിരുന്നില്ല അത്. വല്ലാത്ത അവസ്ഥ.എന്റെ പ്രസംഗം കേൾക്കുന്നതിനും വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ നല്‍കുന്നതിനും വേണ്ടി ഞാനറിയാതെ പലയിടത്തും ഫിലിപ്പേട്ടൻ എത്തുമായിരുന്നു.
തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന സ: ടി.കെ.രാമകൃഷ്ണനും ലോറൻസ് സഖാവും പാർട്ടി ഓഫിസിൽ ഉണ്ടായിരുന്നു. അന്നേരം വളരെ ഗൗരവപ്പെട്ട ഒരു ആലോചനായോഗവും നിശ്ചയിച്ചിരുന്നു.എനിക്ക് യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ഫിലിപ്പേട്ടന്റെ കാര്യവും ഞാൻ ടി.കെ.യോടു പറഞ്ഞു.ടി.കെ.ഫിലിപ്പേട്ട നെ വിളിക്കാൻ പറഞ്ഞു. ക്ഷുഭിതനാകുമെന്നു ഞങ്ങൾകരുതിയ ടി.കെ ഫിലിപ്പേട്ടനുമായി ധാരാളം സംസാരിച്ചു.കുത്താട്ടുകുളത്തെ പല ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ പേരുകളും അവരുടെ സംഭാഷണത്തെ ഊർജവത്താക്കി. ഇരുവർക്കും പരിചയമുള്ള പലരുമുണ്ടായിരുന്നു ആ സൗഹൃദ സംഭാഷണത്തിൽ.
തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കാറിൽ തന്നെ ഫിലിപ്പേട്ടനെ വീട്ടിൽ എത്തിക്കുവാൻ ടി.കെ.പറഞ്ഞു.ടി കെ യെന്ന വലിയ മനുഷ്യനെയും കമ്യൂണിസ്റ്റിനെയും ഞാൻ വീണ്ടും അറിയുകയായിരുന്നു.അടുത്ത ദിവസം കണ്ടപ്പോൾ ടി.കെ.,എന്നോടു പറഞ്ഞു.വിമോചനസമര കാലത്തെ നമ്മുടെ പ്രതി സമരം പല കമ്യൂണിസ്റ്റുകാരെയും ഈ ദുരവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന്.
പ്രി ഡിഗ്രി മുതൽ ബീന കോഴിക്കോടാണ് പഠിച്ചത്. വിദ്യാർത്ഥി രാഷ്ട്രിയത്തിൽനിന്നു അകന്നു നില്കന്നതിന് ബീനയ്ക്ക് കഴിയുമായിരുന്നില്ല.SFI
രംഗത്തു സജീവമായി തന്നെ നിലയുറപ്പിച്ചു.ഡിഗ്രിയ്ക്ക് ബീന പ്രൊവിഡൻസ് കോളേജിലാണ് ചേർന്നത്.ഇത്തരം സ്ഥാപനങ്ങൾ വിദ്യാർത്ഥി സംഘടനകളുടെ ബാലികേറാമലയാണല്ലോ. ആ കാലഘട്ടത്തിൽ തന്നെയാണ് തൃശൂരിൽ ഞങ്ങളും വിമലാ കോളേജിലും സെന്റ് മേരീസിലും മറ്റും എസ്.എഫ്.ഐയുടെ ഷാഡോ കമ്മിറ്റി പ്രവർത്തനം തുടങ്ങിയത്.മറ്റു പല ജില്ലകാർക്കും അതിനു കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് SFI കോഴിക്കോട് ജില്ലാ സെക്രട്ടറി ദാമോദരൻ വലിയ ആവേശത്തിൽ ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞത്. ഞങ്ങൾ പ്രൊവിഡൻസിൽ കമ്മിറ്റി രൂപീകരിച്ചു.ഞങ്ങൾക്കൊരു ഉശിരൻ സഖാവിനെ കിട്ടിയിട്ടുണ്ട്.സ: ബീന ഫിലിപ്പ്… ഇക്ബാൽ സഖാവിന്റെ നാട്ടുകാരിയാണ് അവർ. അപ്പോഴെ ഞാൻ മനസ്സിൽ പൂരിപ്പിച്ചു മാന്താനത്ത് ഫിലിപ്പിന്റെ മകളു തന്നെ…
ബീനയെ കുറിച്ചു ഫിലിപ്പേട്ടനു വളരെ അഭിമാനവും പ്രതീക്ഷയുമായിരുന്നു. പാഠ്യ- പാഠ്യതേരവിഷയങ്ങളിൽ ബീന ഒരുപോലെ മികവു പുലർത്തിയിരുന്നു.
വർഷങ്ങൾക്കു മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പിന്റെ മുഖചിത്രമായി വന്നത് സുന്ദരിയായ ബീനയുടെ ഫോട്ടോയുടെയായിരുന്നു. എന്റെ കുഗ്രാമം അതു ശരിക്കും ആഘോഷിച്ചു.ഹരിതവർണ്ണത്തിലുള്ള മനോഹരമായ ഫോട്ടോ പ്രദർശിപ്പിച്ചുകൊണ്ട് ഞങ്ങൾ വെള്ളിക്കുളങ്ങരക്കാർ ആഹ്ലാദത്തോടും അഭിമാനത്തോടും പറഞ്ഞു.ഇത് ഞങ്ങളുടെ ഫിലിപ്പേട്ടന്റെ ബീന തന്നെ.
ഇപ്പോഴും എനിക്കു പറയാൻ തോന്നുന്നു കോഴിക്കോട് മേയർ ഞങ്ങളുടെ ഫിലിപ്പേട്ടന്റെ മകളാണെന്നാണ്.
നിരവധി വർഷം പാർക്കിൻസൺസ് രോഗം ബാധിച്ച് കിടന്ന് 1998 ൽ ഫിലിപ്പേട്ടൻ വിടപറഞ്ഞു. യാന്ത്രികമായ ആപ്തവാക്യങ്ങളെ സൂക്ഷിക്കുന്നവർക്കു ഈ കമ്യൂണിസ്റ്റുകാരനെ വേണ്ടത്ര തിരിച്ചറിയുന്നതിനു കഴിയുകയില്ലായിരിക്കും.
പക്ഷെ എന്നെ പോലുള്ളവരുടെ മനസ്സിലെ ഒരു വലിയ കമ്യൂണിസ്റ്റുകാരനാണ് സ: എം.ജെ. ഫിലിപ്പ്. സ്വന്തം കുടുംബത്തെയും ജീവിതത്തെയും മറന്നു കൊണ്ടു അരനൂറ്റാണ്ടിലേറെ ഫിലിപ്പേട്ടൻ ജീവിച്ചതു പ്രസ്ഥാനത്തിനുവേണ്ടിയായിരുന്നു.എന്നാൽ പ്രസ്ഥാനത്തിനു ഒന്നും തിരിച്ചു നല്‍കുന്നതിന് കഴിഞ്ഞിരുന്നില്ല. നിലവിലെ സംഘടനാ പരമായ ചിട്ടവട്ടങ്ങൾക്ക് മുമ്പിൽ പ്രസ്ഥാനം നിസ്സഹായമായതായിരിക്കാം വസ്തുത.
അതുകൊണ്ടാണ് ഞാൻ വിശ്വസിക്കുന്നത് കാലം കാത്തുവെച്ച കാവ്യനീതിയാണ് മേയർ ഡോ. ബീന ഫിലിപ്പ്.
ഫിലിപ്പേട്ടൻ ജീവിച്ചിരുന്നുവെങ്കിൽ ഇതിലേറെ അഭിമാനവും ആഹ്ലാദവും നല്കാൻ മറ്റൊന്നിനും ആകുമായിരുന്നില്ല.
*പി.എസ്.ഇക്ബാൽ*
Discussion about this post