തിരുവനന്തപുരം: പ്രകൃതി സ്‌നേഹിയും കവയത്രിയുമായ സുഗത കുമാരി ടീച്ചറുടെ ഓര്‍മ്മക്കായി തൈനടല്‍ ചലഞ്ചുമായി ഡിവൈഎഫ്‌ഐ. ഡിസംബര്‍ 24ന് ഡിവൈഎഫ്‌ഐയുടെ കാല്‍ലക്ഷം യൂണിറ്റുകളില്‍ നിന്നായി കാല്‍ ലക്ഷം വൃക്ഷ തൈകള്‍ നടും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കാല്‍ലക്ഷം വൃക്ഷ തൈകള്‍ നടുമെന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. എഴുത്തുകാരിയായി, ആക്ടിവിസ്റ്റായി മലയാളിയുടെ ജീവിതവഴികളില്‍ കൂടെയുണ്ടായിരുന്ന അമ്മയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. പ്രകൃതി സ്‌നേഹിയും പ്രകൃതി ചൂഷണം നേരിട്ടപ്പോള്‍ ഒരു പോരാളിയായി മാറുകയും ചെയ്ത നമ്മുടെ അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം.- ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘മണ്ണിലും വിണ്ണിലും വിഷം വമിക്കുന്നു. പിന്നെങ്ങനെ പ്രകൃതിദുരന്തങ്ങള്‍, മഹാരോഗങ്ങള്‍ വരാതിരിക്കും? കൃഷിയെ നാം മറന്നു. നിശ്ചിത സ്ഥിര ശമ്പളം നല്‍കി രാഷ്ട്രം പരിപാലിക്കേണ്ടവരാണ് കൃഷിക്കാര്‍. കാര്‍ഷികവൃത്തി ചെയ്യുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം’ – കോവിഡ് മഹാമാരിയുടെ കടന്നുവരവും കര്‍ഷക സമരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും രേഖപ്പെടുത്തിയ ഈ കാലത്ത്, വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ സുഗതകുമാരി ടീച്ചര്‍ പറഞ്ഞ ഈ വാക്കുകള്‍ അന്വര്‍ദ്ധമായി നില്‍ക്കുന്നു.
‘മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വയ്ക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്ത് നില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം’. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് എഴുതിയ ടീച്ചറുടെ വാക്കുകള്‍ നിറവേറ്റാം. എഴുത്തിന്റെ നാലുകെട്ടിനുള്ളില്‍ നിന്ന് ചുട്ടുപൊള്ളുന്ന വഴികളിലേക്ക് ആ ചുവടുകള്‍ നീങ്ങി. എഴുത്തുകാരിയായി, ആക്ടിവിസ്റ്റായി മലയാളിയുടെ ജീവിതവഴികളില്‍ കൂടെയുണ്ടായിരുന്ന അമ്മയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. പ്രകൃതി സ്‌നേഹിയും പ്രകൃതി ചൂഷണം നേരിട്ടപ്പോള്‍ ഒരു പോരാളിയായി മാറുകയും ചെയ്ത നമ്മുടെ അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം.
Discussion about this post