അഞ്ചല്‍: മോഷണക്കേസില്‍പ്പെട്ട് നിരപരാധിയായ ആള് ജയലിലില്‍ കഴിഞ്ഞത് ദിവസങ്ങളോളം. യഥാര്‍ഥ പ്രതി പിടിയിലായത് ആറുവര്‍ഷത്തിനുശേഷം. പ്രതി പിടിയിലായതോടെ 2014-ല്‍ മെഡിക്കല്‍ സ്റ്റോറില്‍ നടന്ന മോഷണത്തിന് നിരപരാധിയെ അറസ്റ്റുചെയ്ത് പോലീസ് പീഡിപ്പിച്ച സംഭവം പുറത്തായി.
അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷിനെ(35)യാണ് മോഷണക്കുറ്റം ആരോപിച്ച് അന്ന് പോലീസ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലും 45 ദിവസം ജയിലിലും ഈ യുവാവ് കഴിഞ്ഞു. കഴിഞ്ഞയാഴ്ച തിരൂര്‍ പോലീസ് മോഷണത്തിന് തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് അഞ്ചല്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ നടത്തിയ മോഷണത്തിലെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് ദാസനെ അഞ്ചല്‍ പോലീസ് തിരൂരിലെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തപ്പോള്‍ മോഷണം നടത്തിയ രീതിയും മെഡിക്കല്‍ സ്റ്റോറില്‍ കയറിയ വഴിയും പ്രതി പോലീസിന് പറഞ്ഞുകൊടുത്തു.
ദാസനെ കഴിഞ്ഞദിവസം അഞ്ചലിലെ മെഡിക്കല്‍ സ്റ്റോറില്‍ കൊണ്ടുവന്ന് പോലീസ് തെളിവെടുത്തു. അഞ്ചല്‍ ടൗണിലെ ശബരി മെഡിക്കല്‍ സ്റ്റോറില്‍ 2014 സെപ്തംബര്‍ 21-നാണ് മോഷണം നടന്നത്. ഈ കേസിലെ പ്രതിയെന്ന് ആരോപിച്ചാണ് ഓട്ടോ ഡ്രൈവറായ രതീഷിനെ അഞ്ചല്‍ പോലീസ് പിടികൂടിയത്.
മോഷണം നടന്ന് മാസങ്ങള്‍ക്കു ശേഷമായിരുന്നു അറസ്റ്റ്. പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും ദേഹത്ത് മുളകരച്ച് തേച്ചതായും രതീഷ് പറയുന്നു. റിമാന്‍ഡിലായി 45 ദിവസം ജയിലില്‍ കിടന്നു. പിന്നീട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. നുണപരിശോധനയിലും തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
ഇതോടെയാണ് ജയില്‍മോചിതനായത്. ഓട്ടോറിക്ഷയുടെ ആര്.സി.ബുക്കും വാഹനത്തിലുണ്ടായിരുന്ന പണവും പോലീസ് പിടിച്ചെടുത്തതായി രതീഷ് പറഞ്ഞു. അറസ്റ്റിലായതിന്റെ അപമാനത്തില്നിന്ന ഇതുവരെ മോചിതരായിട്ടില്ലെന്ന് രതീഷും കുടുംബവും പറയുന്നു.
Discussion about this post