ശിവകൃഷ്ണപുരം: ഒരു ഗ്രാമത്തെ തന്നെ കണ്ണീരിലാഴ്ത്തി ഒരുകുടുംബത്തിന്റെ കൂട്ടആത്മഹത്യ. ഒരു കുടുംബം തന്നെ ഇല്ലാതായതിന്റെ ഞെട്ടലിലാണ് ശിവകൃഷ്ണപുരം ഗ്രാമം. വ്യാഴാഴ്ചയാണ് ഗ്രാമത്തെ സങ്കടക്കടലിലാഴ്ത്തിയ സംഭവം നടന്നത്. മുടപുരം ശിവകൃഷ്ണക്ഷേത്രത്തിനു സമീപം വട്ടവിള വിളയിൽ വീട്ടിൽ സുബി(51), ഭാര്യ ദീപകുമാരി(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. നാലംഗ കുടുംബത്തിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
ഗൃഹനാഥനായ സുബി എഴുതിയതെന്നു പോലീസ് സ്ഥിരീകരിച്ച കുറിപ്പിൽ ഇനി മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നു സൂചിപ്പിച്ചിരുന്നു. ഇവരുടെ വളർത്തുനായക്കു വിഷം കൊടുത്തശേഷം ഇവനെക്കൂടി ഞങ്ങൾ ഒപ്പം കൂട്ടുകയാണെന്നും വീടിന്റെ പൂമുഖത്തു മറ്റൊരുകത്തും എഴുതിവച്ചശേഷമാണു ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണു പോലീസ് നിഗമനം.
കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്കു നയിച്ചതു കടക്കെണിയിലാണെന്നാണ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വന്തം മക്കളെ കൊലപ്പെടുത്തി സുബിയും ദീപകുമാരിയും ആത്മഹത്യ ചെയ്യുമെന്ന് അടുത്ത ബന്ധുക്കൾക്ക് പോലും വിശ്വസിക്കാനാകുന്നില്ല. നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു ഈ കുടുംബം. കുടുംബത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു മുടപുരത്തു കടകമ്പോളങ്ങളടച്ചു ഹർത്താലാചരിച്ചു.
ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടൂ വിദ്യാർത്ഥിയാണ് അഖിൽ. ചിറയിൻകീഴ് പാലവിള ഗവ.യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹരിപ്രിയ.
മക്കളായ അഖിലിനും ഹരിപ്രിയക്കും ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി നൽകി ബോധരഹിതരാക്കി കെട്ടിതൂക്കി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഇരുവരും സ്വയം കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇവർ താമസിച്ചിരുന്ന വീട് സമീപത്തെ സഹകരണബാങ്കിൽ ഏഴുലക്ഷം രൂപയുടെ കടബാധ്യതയിലാണ്. കഴക്കൂട്ടത്ത് ലോഡ്ജ് വാടകയ്ക്കെടുത്തു നടത്തിയതിലും പച്ചക്കറിക്കടയിലുമായി 15ലക്ഷത്തോളം രൂപ കടമുള്ളതായി അടുത്ത സുഹൃത്തുക്കളോടും സുബി പറഞ്ഞിരുന്നു.
മരണത്തിന് നാലുദിവസം മുൻപു കുറക്കടയിലെ പച്ചക്കറിക്കട തുറക്കാൻ സുബി എത്തിയിരുന്നില്ല. സമീപത്തെ കടക്കാർ അന്വേഷിച്ചെത്തിയപ്പോൾ തീരെ സുഖമില്ലെന്നും രണ്ടുദിവസം കഴിഞ്ഞു കാണാമെന്നറിയിച്ചു തിരിച്ചയക്കുകയും ചെയ്തിരുന്നു.
Discussion about this post