തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും കൂടുതൽ പറയത്തക്ക ചലനമുണ്ടാക്കാനാകാതെ ബിജെപി. ഭരണം പിടിക്കുമെന്ന് വെല്ലുവിളിച്ച തൃശ്ശൂരും കോഴിക്കോടും തിരുവനന്തപുരത്തും ലീഡ് ഉയർത്താനാകുന്നില്ല. ആദ്യമണിക്കൂറുകളിലെ ഫലസൂചനയനുസരിച്ച് പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണ്. തിരുവനന്തപുരത്ത് മാത്രം സ്ഥിതി വ്യത്യസ്തം. ഇവിടെ എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ ബിജെപി രണ്ടാമതും യുഡിഎഫ് മൂന്നാംസ്ഥാനത്തുമാണ്. ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തിരുവനന്തപുരം എൽഡിഎഫ് നേടുമെന്നാണ് ഫലസൂചന.
തെരഞ്ഞെടുപ്പിന് മുമ്പ് കോഴിക്കോട് കോർപ്പറേഷനുൾപ്പെടെ ഇത്തവണ എൻഡിഎയ്ക്ക് തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും വോട്ടെണ്ണുമ്പോൾ പ്രതിഫലിക്കുന്നില്ല. കണ്ണൂരിൽ ആദ്യമായി അക്കൗണ്ട് തുറക്കാനായതാണ് ബിജെപിയുടെ പറയത്തക്ക നേട്ടം.
കൊച്ചിയിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത് ഒഴിച്ചാൽ കാര്യമായ നേട്ടം ബിജെപിക്ക് ഉണ്ടാക്കാനായിട്ടില്ല. തൃശ്ശൂരിലെ ബിജെപിയുടെ മേയർ സ്ഥാനാർത്ഥി പിന്നിലാണ് എന്നാണ് സൂചന. 5 മുനിസിപ്പാലിറ്റികളിൽ മാത്രമാണ് ബിജെപി മുന്നേറ്റമുള്ളത്. അതേസമയം, ആദ്യറൗണ്ടിൽ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കെ സുരേന്ദ്രൻ മുമ്പ് അവകാശപ്പെട്ടിരുന്നത് നരേന്ദ്ര മോഡിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ടെന്നും ശക്തമായ പോരാട്ടമുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടി സീറ്റുകൾ ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു
Discussion about this post