ന്യൂഡൽഹി: രാജ്യ തലസ്ഥാന്ത് കർഷകർ തുടരുന്ന സമരം കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുന്നു. ഇനിയുള്ള ചർച്ചകളിൽ കൃത്യമായ പദ്ധതി കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചില്ലെങ്കിൽ ട്രെയിൻ തടയലുൾപ്പടെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി അതിർത്തി പൂർണ്ണമായും വളഞ്ഞ കർഷകർ, ഇനി രാജ്യതലസ്ഥാനത്തേയ്ക്കുള്ള തീവണ്ടികൾ കൂടി തടഞ്ഞ് സമരം വ്യാപിപ്പിക്കുമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
അതേസമയം, തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പ്രതികരിച്ചു. എന്നാൽ നിയമം പിൻവലിക്കുകയെന്ന ആശയത്തെ മന്ത്രിയും തള്ളിക്കളഞ്ഞു.
നിയമം പിൻവലിക്കുക എന്നതിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. ഇത്രയധികം ദിവസം സമയം നൽകിയെന്നും, ഇനി പ്രധാനമന്ത്രി നേരിട്ട് നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്നുമാണ് കർഷകസമരനേതാക്കൾ പറയുന്നത്. നിലവിൽ സമരത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ നിന്നുള്ള ചില തീവണ്ടികൾ റദ്ദാക്കുകയോ, വെട്ടിച്ചുരുക്കുകയോ, വഴിതിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്. തീയതി തീരുമാനിച്ച ശേഷം സമരം പ്രഖ്യാപിക്കുമെന്നും കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മഞ്ച് നേതാവ് ബൂട്ടാ സിംഗ് വ്യക്തമാക്കി.
വ്യാപാരികൾക്ക് വേണ്ടിയാണ് നിയമമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചുകഴിഞ്ഞെന്നും കർഷകസമരനേതാക്കൾ പറയുന്നു. കർഷകരെ സഹായിക്കുന്ന ചട്ടങ്ങൾ നിയമത്തിൽ നിന്ന് എടുത്തുമാറ്റിയ കേന്ദ്രസർക്കാർ കൃഷി സംസ്ഥാനസർക്കാരിന് കീഴിലാണെന്ന് പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുകയാണ്. അങ്ങനെയെങ്കിൽ രാജ്യവ്യാപകമായി നിലനിൽക്കുന്ന ഒരു കൃഷിനിയമം കേന്ദ്രസർക്കാരിന് നിർമ്മിക്കാനാകില്ലല്ലോ എന്നും കർഷകർ ചോദിക്കുന്നു.
Discussion about this post