കഞ്ചിക്കോട്: വീടിനു മുന്നിലെ കാര്‍ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കഞ്ചിക്കോട് ശാസ്ത്രിനഗര്‍ ആനന്ദകളത്തില്‍ ബാലകൃഷ്ണമേനോന്റെ മകന് ആനന്ദനെയാണ് (48) അഗ്നിക്കിരയായ കാറിനുള്ളില്‍ വെന്തുമരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. വീടിനുസമീപത്ത് താമസിക്കുന്ന വീട്ടുസഹായികളാണ് കാറിനുള്ളില്‍നിന്ന് പുകയുയരുന്നത് കണ്ടത്. തുടര്‍ന്ന്, ആനന്ദന്റെ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. കാറിന്റെ ചില്ലുപൊളിച്ചപ്പോഴാണ് ആനന്ദനെ കത്തിയനിലയില്‍ കാറിനകത്ത് കണ്ടതെന്നും പോലീസ് പറഞ്ഞു. സംശയിക്കത്തക്ക സാഹചര്യങ്ങളൊന്നും നിലവില്‍ കാണുന്നില്ലെന്നും അന്വേഷണം തുടരുമെന്നും കസബ എസ്എച്ച്ഒ കെ വിജയകുമാര്‍ പറഞ്ഞു.
വീട്ടില്‍ ആനന്ദനും അമ്മ തങ്കം ബി മേനോനും മാത്രമാണ് താമസം. അവിവാഹിതനാണ്. കുറച്ചുവര്‍ഷമായി ആനന്ദന് മാനസികമായി അസ്വസ്ഥനായിരുന്നെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചയും മനഃപ്രയാസമുണ്ടെന്ന കാര്യം സംസാരിച്ചതായി അമ്മ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു. സയന്റിഫിക് അസിസ്റ്റന്റ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Discussion about this post