ഒരു വീട്ടിലുണ്ടായ ആണ്-പെണ് വേര്‍തിരിവിനെ വെറുമൊരു മീന്‍ വറുത്തതിന്റെ പേരിലുണ്ടാക്കിയ പുകിലെന്ന് വിളിച്ച സമൂഹമാണ് നമ്മുടേത്. ഇപ്പോളിതാ സമാനരീതിയിലുള്ള മറ്റൊരു സംഭവത്തെ അതിലേറെ നീചമായി കൈകാര്യം ചെയ്തിരിക്കുകയാണ് ആളുകള്‍. സ്ത്രീയെന്നാല്‍ വെക്കാനും വിളമ്പാനും മാത്രമുള്ളവരെന്ന് കരുതുന്ന, അധപ്പതിച്ച ലോകത്തില്‍ തന്നെയാണ് നമ്മളിപ്പൊഴും കഴിയുന്നതെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഒരു വാര്‍ത്തയ്ക്ക് താഴെ വന്ന ചില പ്രതികരണങ്ങള്‍.
മീന്‍കറി കിട്ടാത്തതിന്റെ പേരില്‍ യുവതി ആത്മഹത്യ ചെയ്തു എന്ന രീതിയില്‍ ‘ആകര്‍ഷകമായ’ തലക്കെട്ടോട് കൂടി വന്ന വാര്‍ത്തയ്ക്ക് താഴെയാണ് നിലവാരമില്ലാത്തതും അസഹനീയവുമായ കമന്റുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ക്കൊക്കെ ആത്മഹത്യ ചെയ്യുന്നവര്‍ മനോരോഗികളാവും എന്ന് ഒരാള്‍. ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നവര്‍ മറ്റുള്ളവരെ കൊല്ലാനും മടിക്കില്ലെന്ന് മറ്റൊരാള്‍. വര്‍ഗഗുണം കാണിച്ചു എന്ന് മറ്റൊരു മാന്യന്. വേറൊരാള് സ്ത്രീവിരുദ്ധ കമ്മിറ്റിയുടെ തലപ്പത്തിരിക്കുന്നയാളാണെന്ന് തോന്നുന്നു – ബുദ്ധിയുള്ള ഭര്ത്താക്കന്മാര് പുറത്ത് പോയി ഭക്ഷണം കഴിക്കുമത്രേ.
അവിടെ ഒരാള്‍ ആത്മഹത്യ ചെയ്തതോ അയാളുടെ മാനസികാവസ്ഥ എന്തായിരുന്നു എന്നതോ ഒന്നും ഇക്കൂട്ടര്‍ക്ക് വിഷയമേയല്ല എന്നതാണ് ഏറ്റവും ഭീകരം. അടിച്ചാലും തൊഴിച്ചാലും പട്ടിണിയ്ക്കിട്ടാലും സ്ത്രീ പൂമുഖവാതില്ക്കല് സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കള്‍ ആവണം എന്ന നിലപാടുള്ളവരാണിവര് എന്ന് വ്യക്തം. വാര്‍ത്തയ്ക്ക് ഏറ്റവും കൂടുതല്‍ കിട്ടിയിരിക്കുന്ന റിയാക്ഷന് പൊട്ടിച്ചിരികളും പുച്ഛവുമാണെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത.
പട്നയിലാണ് വാര്ത്തയ്ക്കാസ്പദമായ സംഭവം നടന്നിരിക്കുന്നത്.34കാരിയായ യുവതി വീട്ടിലുണ്ടാക്കിയ മീന്‍കറി മുഴുവന്‍ ഭര്‍ത്താവും മക്കളും ചേര്‍ന്ന് കഴിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയോട് തങ്ങള്‍ കഴിച്ചതിന്റെ ബാക്കി കഴിച്ചാല്‍ മതിയെന്ന് ഭര്‍ത്താവ് പറയുകയും ഇതില്‍ മനംനൊന്ത യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. യഥാര്‍ഥത്തില്‍ മീന്‍കറി കിട്ടാത്തതല്ല ഇവിടുത്തെ പ്രശ്നം എന്ന് വാര്‍ത്ത നല്കിയവര്ക്കും അറിയാം കമന്റ് ചെയ്തവര്‍ക്കും അറിയാം. ഒരു വീട്ടിലെ മുഴുവന്‍ പണിയുമെടുത്താലും എല്ലാ അവഗണനകളും സഹിച്ച് , ഒരു നേരത്തെ ഭക്ഷണത്തിന് പോലും മറ്റുള്ളവരുടെ ഔദാര്യം പ്രതീക്ഷിച്ച് നില്‍ക്കേണ്ടി വരിക എന്ന വേദനാജനകമായ അവസ്ഥയാണ് ഈ വാര്‍ത്തയിലൂടെ നമ്മള് കാണേണ്ടത്.
ഭര്‍ത്താവ് കഴിച്ചതിന്റെ ബാക്കി മാത്രം കഴിച്ച് ജീവിക്കുന്ന, പട്ടിണി കിടന്നാലും പരാതി പറയാത്ത, സര്‍വ്വം സഹയായ സ്ത്രീകളെ വളര്‍ത്തിക്കൊണ്ട് വരുന്നതിലാണല്ലോ ഇന്ത്യയുടെ സംസ്കാരം കുടിയിരിക്കുന്നത്. അതില്‍ നിന്നും വ്യതിചലിക്കുന്ന സ്ത്രീകളെ അപമാനിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പുരുഷാധിപത്യ ലോകത്തില്‍ പാഴാക്കിക്കളയുന്നതിനോളം മണ്ടത്തരം വേറെന്തുണ്ട്. രാവന്തിയോളം പണിയെടുത്ത് വീട്ടിലുള്ളവര്‍ക്ക് മുഴുവന്‍ വെച്ചുണ്ടാക്കി കൊടുക്കുന്ന ഓരോ സ്ത്രീയും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അല്പമെങ്കിലും പരിഗണനയും ബഹുമാനവും.
സ്വന്തം വീട്ടില്‍ അടിമയെപ്പോലെ പണിയെടുത്ത് മരിച്ച് ജീവിക്കുന്ന സ്ത്രീകളുളള ഇന്ത്യയില്‍ ഇവ രണ്ടും വീടിന്റെ പടിക്ക് പുറത്താണെന്നുള്ളതാണ് യാഥാര്‍ഥ്യം. സ്ത്രീകളെ എന്തുകൊണ്ട് രണ്ടാം തരക്കാരായി കണ്ടുകൂടാ എന്നുള്ളതിന്റെ ഉത്തരമാണ് പട്നയില്‍ നിന്ന് വന്നിരിക്കുന്നത്. ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല എന്നിരുന്നാലും കാലാകാലങ്ങളായി ആ വീട്ടമ്മ അനുഭവിച്ച യാതനകളും അവഗണനകളും ആയിരിക്കില്ലേ ഒരു കുപ്പി വിഷത്തില്‍ അവസാനിച്ചത് ? വെറുമൊരു മീന്‍കറിയുടെ പേരിലുണ്ടായ വഴക്കിന് മുമ്പ് എത്രയെത്ര കണ്ണീരുകള്‍ ആ വീട്ടിലവര് ഒഴുക്കിയിട്ടുണ്ടാവും..
ഒന്നു ചിന്തിച്ചാല്‍ ഈ യുവതിയുടെ സ്ഥാനത്ത് നമ്മുടെ അമ്മയോ പെങ്ങളോ ഭാര്യോ മകളോ സുഹൃത്തോ ഒക്കെ ആയിക്കൂടേ ? നാളെയിത് നമ്മുടെ വീട്ടിലും സംഭവിച്ച് കൂടായ്കയില്ലല്ലോ. പുറത്ത് പറയാത്ത എത്രയോ സങ്കടങ്ങള്‍ നമ്മുടെയൊക്കെ അടുക്കളപ്പുറത്ത് ഒതുങ്ങുന്നുണ്ടാവും. പ്രപഞ്ചത്തിലെ പോരാളി എന്ന് വിളിച്ച് വുമണ്‍സ് ഡേയ്ക്കും മദേഴ്സ് ഡേയ്ക്കും സ്റ്റാറ്റസ് ഇടാന്‍ വേണ്ടി മാത്രം അവരെ ഓര്‍ക്കുന്നവര്‍ അടുക്കളയ്ക്കപ്പുറത്തേക്കും അവര്‍ക്കൊരു ലോകമുണ്ടെന്ന് മനസ്സിലാക്കുക. നമുക്കുള്ള അതേ വികാരങ്ങളും വിചാരങ്ങളും അവര്‍ക്കുമുണ്ടെന്ന് തിരിച്ചറിയുക. എല്ലാത്തിനുമുപരി അവരും മനുഷ്യരാണെന്ന് ഓര്‍ക്കുക.
Discussion about this post