തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ രണ്ട് ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രജലക്കമ്മീഷന്‍ മുന്നറിയിപ്പ് നല്കി. കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത എന്നാണ് മുന്നറിയിപ്പില്‍ ഉള്ളത്. ബുറെവി ചുഴലിക്കാറ്റ് നിലവില്‍ ശ്രീലങ്കന്‍ തീരത്തുനിന്ന് 470 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്ററും അകലെയാണ്.
ഇപ്പോള്‍ മണിക്കൂറില്‍ 11 കിലോമീറ്ററാണ് കാറ്റിന്റെ വേഗത ഉള്ളത്. അടുത്ത 12 മണിക്കൂറിനകം കാറ്റിന്റെ ശക്തി വര്‍ധിക്കും. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങും. ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗതയാകും അപ്പോള്‍ കാറ്റിനുണ്ടാകുക.
വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Discussion about this post