തിരുവനന്തപുരം: കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമുള്ള സ്പെഷ്യല്‍ തപാല്‍ ബാലറ്റ് വിതരണം ഇന്ന് ആരംഭിക്കും. സ്പെഷ്യല്‍ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാലറ്റുകള്‍ വിതരണം ചെയ്യുക.
ഈ മാസം എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്കാണ് ഇന്ന് മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുക.
വോട്ടര്‍മാരെ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ സന്ദര്‍ശിക്കുന്ന സമയം എസ്എംഎസിലൂടെയും ഫോണ്‍ മുഖേനയും മുന്‍കൂട്ടി അറിയിച്ചിരിക്കും. വോട്ടര്‍മാര്‍ ബാലറ്റ് ലഭിച്ചാല്‍ ഉടന്‍ വോട്ട് രേഖപ്പെടുത്തി പോളിംഗ് ടീമിന് കൈമാറാം. അല്ലെങ്കില്‍ വോട്ടര്‍ക്ക് അവ തപാല്‍ മാര്‍ഗമോ ആള്‍വശമോ വോട്ടെണ്ണലിന് മുമ്പ് വരണാധികാരിക്ക് എത്തിക്കുകയും ചെയ്യാം.
Discussion about this post