ലഖ്നൗ: സുപ്രീം കോടതിയ്ക്കെതിരെയുള്ള പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യനടപടി നേരിടുന്ന കൊമേഡിയന്‍ കുനാല്‍ കമ്ര ഒരു ഡോക്ടറുടെ മാട്രിമോണിയല്‍ പരസ്യം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. പരസ്യത്തെ മുന്‍നിര്‍ത്തി ‘ജാതി ജിഹാദ്’ എന്ന പ്രയോഗവും നടത്തി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ‘ലൗ ജിഹാദ്’ നിയമനടപടികളുമായി മുന്നേറവെയാണ് ഇത്തരത്തിലൊരു പ്രതികരണം.
ജാതിയടക്കമുള്ള നിബന്ധനകള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് ബിഹാറില്‍ നിന്നുള്ള ഡോക്ടറുടെ മാട്രിമോണിയല്‍ പരസ്യം. ഇരുപതോളം നിബന്ധനകളുള്ള പത്രപരസ്യത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നോ ബിഹാറില്‍ നിന്നോ ഉള്ള ബ്രാഹ്മിണ യുവതികളെ ആവശ്യമുണ്ടെന്നാണ് പറയുന്നത്.
പരസ്യത്തില്‍ അഭിനന്ദറാവു എന്ന ബിഹാറില്‍ നിന്നുള്ള മുപ്പത്തിയൊന്ന് വയസ്സുകാരനായ ഡോക്ടര്‍ (നിലവില്‍ പ്രാക്ടീസ് ചെയ്യുന്നില്ല) സ്വന്തം ജാതി ബ്രാഹ്മണവിഭാഗത്തിലെ ഭരദ്വാജാണെന്ന് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് ഉണ്ടായിരിക്കേണ്ട പട്ടികയാണ് പരസ്യത്തില്‍ കൊടുത്തിരിക്കുന്നത്.
വെളുത്ത നിറമുള്ള സുന്ദരിയും പതിവ്രതയും വിശ്വസ്തയും ആയിരിക്കണം പെണ്‍കുട്ടി. സേഹം, കരുതല്‍, ധൈര്യം, ശക്തി എന്ന ഗുണങ്ങളോടൊപ്പം സമ്പന്നയുമായിരിക്കണം. കൂടാതെ ഇന്ത്യയോട് തീവ്രമായ രാജ്യസ്നേഹവും ഇന്ത്യയുടെ സൈനിക- കായികരംഗങ്ങളുടെ വളര്‍ച്ചയില്‍ വളരെയധികം താതപര്യമുണ്ടായിരിക്കണമെന്നും പരസ്യം ആവശ്യപ്പെടുന്നു.
തീവ്ര ആശയവാദിയാണെങ്കിലും ദയാലുവായിരിക്കണം, കുട്ടികളെ വളര്‍ത്തുന്നതില്‍, പാചകത്തില്‍ എന്നിവയില്‍ വിദഗ്ദയായിരിക്കണം, ജാതകം മുപ്പത്തിയാറ് ഗുണങ്ങളോടെ ചേരണമെന്നും പരസ്യത്തില്‍ ആവശ്യപ്പെടുന്നു. ഇത്രയും ഗുണങ്ങളുള്ള പെണ്‍കുട്ടിയ്ക്ക് ജോലിയുണ്ടാണമെന്നും പരസ്യത്തില്‍ നിബന്ധനയുണ്ട്.
വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനത്തെ ചോദ്യം ചെയ്ത അലഹബാദ് ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ജാതി മുന്‍നിര്‍ത്തിയുള്ള വിവാഹാലോചനകള്‍ ജാതി ജിഹാദാണെന്ന് കുനാല്‍ കമ്ര പറയുന്നു.
Discussion about this post