തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ആളുകള്‍ തിങ്ങിനിറയാന്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകത്ത് പലയിടത്തും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും വ്യാപനമുണ്ടായി. യൂറോപ്പിലും അമേരിക്കയിലുമുണ്ടായ രണ്ടാം തരംഗത്തിന്റെ പഠനത്തില്‍, രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഭക്ഷണശാലകളും പബുകളുമാണ്. ഏറ്റവും കൂടുതല്‍ ഭക്ഷണ ശാലകളുള്ള സ്ഥലമാണ് കേരളം. അടുത്ത തരംഗത്തിന്റെ കേന്ദ്രമായി ഹോട്ടലുകള്‍ മാറിയേക്കും. അതിന് ഇടവരുത്തരുത്. ജാഗ്രതയോടെ മാത്രമേ ഹോട്ടലുകള്‍ നടത്താനും അവിടം സന്ദര്‍ശിക്കാനും പോകാവൂ.
അടച്ചിട്ട എസി മുറികളില്‍ അകലമില്ലാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ഹോട്ടലുകളില്‍ ആളുകള്‍ തിങ്ങിനിറയാതെ കട നടത്തിപ്പുകാര്‍ നോക്കണം. വഴിയോര ഭോജനശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ല. ഈ ഘട്ടത്തില്‍ കേരളത്തില്‍ വലിയ ശ്രദ്ധ കൊടുക്കണം. നിയന്ത്രണങ്ങളും മുന്‍കരുതലും പാലിക്കാതെ വലിയ ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post