തൃശ്ശൂര്‍: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന് നടന് ദിലീപിനെതിരായ മൊഴി മാറ്റിപ്പറയില്ലെന്ന് കേസിലെ സാക്ഷി ജെന്സണ്. കേസില്‍ ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കാമെന്ന് പ്രതിഭാഗം പറഞ്ഞുവെന്നാണ് തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശിയായ ജെന്സണ് വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രതിഭാഗം ഇത്തരത്തിലൊരു വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജെന്സണ് തിങ്കളാഴ്ച തൃശ്ശൂര്‍ പീച്ചി പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താന്‍ ശ്രമിച്ചതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കേണ്ടി വന്നതെന്നും ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരം കൊല്ലം സ്വദേശി നാസര്‍ എന്നയാളാണ് തന്നെ വിളിച്ചത് എന്നുമാണ് ജെന്സണ് നല്കിയ പരാതിയിലുള്ളത്. ഇതിന് പിന്നാലെയാണ് ഒരു കാരണവശാലും ദിലിപിനെതിരായ മൊഴി മാറ്റില്ലെന്ന് ജെന്സണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി വ്യക്തമാക്കിയത്.
നടിയ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജെന്സണ്. മോഷണക്കുറ്റവുമായി ബന്ധപ്പെട്ടാണ് ജെന്സണ് ജയിലിലായത്. സെല്ലില്‍ വച്ച് ജെന്‍സണുമായി അടുപ്പത്തിലായ സുനി ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും, അത് ക്വട്ടേഷനായിരുന്നുവെന്നും പറഞ്ഞെന്നും ജെന്സണ് പിന്നീട് പുറത്തുവന്ന ശേഷം പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് കേസന്വേഷണത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post