ഏറ്റുമാനൂര്‍: മുന്‍ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ധനകാര്യ സ്ഥാപന ഉടമയും ക്വട്ടേഷന്‍ സംഘാംഗങ്ങളും പിടിയില്‍. അതിരമ്പുഴ കുടിലില്‍ കെ.ജെ. സെബാസ്റ്റ്യനെ (നെല്‍സണ്‍ 58) കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അതിരമ്പുഴ കൂനാനിക്കല്‍ റെജി പ്രോത്താസീസ് (52), എറണാകുളം ഏലൂര്‍ കവലക്കല്‍ ജോസ് കെ. സെബാസ്റ്റ്യന്‍ (45), ഷൊര്‍ണൂര്‍ കുറിയില്‍ കെ. സുജേഷ് (വിനോദ് – 32), തൃശൂര്‍ ചീരന്‍കുഴിയില്‍ സി.വി. ഏലിയാസ് കുട്ടി (32) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഏഴിന് അതിരമ്പുഴ പാറോലിക്കല്‍ റോഡിലെ ഐക്കരക്കുന്നേല്‍ ജംക്ഷനിലായിരുന്നു സിനിമാ സ്റ്റൈല്‍ കൊലപാതക ശ്രമം. പണമിടപാടു തര്‍ക്കത്തെത്തുടര്‍ന്നാണ് സെബാസ്റ്റ്യനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചത്. ആളെ ഇടിപ്പിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞ കാറില്‍ നിന്ന് ഇറങ്ങിയോടിയവരെ ആശുപത്രിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് പൊലീസ് പറയുന്നു. രാവിലെ നടക്കാനിറങ്ങിയ സെബാസ്റ്റ്യനെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചുവെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. നിയന്ത്രണം വിട്ട് കാര്‍ പോസ്റ്റിലിടിച്ചു മറിഞ്ഞു.
കാറിലുണ്ടായിരുന്ന മുന്നു പേര് ഇറങ്ങിയോടി ഓട്ടോറിക്ഷയില്‍ കയറി കടന്നുകളഞ്ഞു. പരുക്കേറ്റ സെബാസ്റ്റ്യനെ നാട്ടുകാര്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ കാറിലുണ്ടായിരുന്നവരും ഇവിടെ ചികിത്സ തേടിയെത്തി. വിവരം അറിഞ്ഞ് പൊലീസും എത്തി.
തുടര്‍ന്നായിരുന്നു അറസ്റ്റ്. റെജി നല്കിയ ക്വട്ടേഷനാണന്നു സംഘാംഗങ്ങള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. റെജിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. റെജിയുടെ പണമിടപാട് സ്ഥാപനത്തിലെ കലക്ഷന്‍ എടുക്കുന്നയാളായിരുന്നു സെബാസ്റ്റ്യന്‍. റെജിയും സെബാസ്റ്റ്യനും തമ്മില്‍ ഏതാനും നാളായി തര്‍ക്കമുണ്ട്. വൈരാഗ്യം തീര്‍ക്കാന്‍ റെജിയും സംഘാംഗങ്ങളും കൊലപാതകം ആസൂത്രണം ചെയ്തത്.
Discussion about this post