ന്യൂഡല്‍ഹി: ഓക്സ്ഫഡ് കൊവിഡ് വാക്സിന് പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെയും ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവല്ല. അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് പരമാവധി 1,000 രൂപയ്ക്ക് നല്‍കാനാകുമെന്നും 2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്സിന് ലഭിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഓക്സ്ഫഡ് കൊവിഡ് വാക്സിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ലഭ്യമാകുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്.
‘എല്ലാ ഇന്ത്യക്കാര്‍ക്കും കുത്തിവെയ്പ്പ് എടുക്കാന്‍ രണ്ടോ മൂന്നോ വര്‍ഷമെടുക്കും. വിതരണ പരിമിതികള്‍ മാത്രമല്ല കാരണം. ബജറ്റ്, വാക്സിന് ലോജിസ്റ്റിക്, അടിസ്ഥാന സൗകര്യങ്ങള്‍, വാക്സിന് എടുക്കാനുള്ള ആളുകളുടെ താത്പര്യം. ഘടകങ്ങളെ ആശ്രയിച്ചാണ് 90 ശതമാനം പേര്‍ക്കും വാക്സിന് എടുക്കാന്‍ സാധിക്കുക. രണ്ടു ഡോസ് വാക്സിന് എടുക്കാന്‍ തയ്യാറാകുകയാണെങ്കില്‍ 2024 ഓടെ എല്ലാവര്ക്കും വാക്സിന് എത്തിയിരിക്കും’ എന്നാണ് പൂനവല്ല പറഞ്ഞത്.
അതേസമയം കൊവിഡ് വാക്സിന് പൊതുജനത്തിന് എന്തുവിലയിലാകും നല്‍കുക എന്ന ചോദ്യത്തിന് സെറം സിഇഒയുടെ മറുപടി ഇങ്ങനെ, ‘ഒരു ഡോസിന് 5-6 ഡോളറാണ് വിലവരുന്നത്. ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് 1000 രൂപ വരെയാകും’ എന്നാണ് പറഞ്ഞത്. എന്നാല്‍ ഇന്ത്യാ സര്‍ക്കാരിന് വാക്സിന് 3-4 ഡോളര്‍ നിരക്കില്‍ ലഭിക്കുമെന്നും പൂനവല്ല പറഞ്ഞു. ഇന്ത്യയില്‍ നടത്തിയ അന്തിമ പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയും രോഗപ്രതിരോധ ഫലങ്ങളും ഒരു മാസത്തിനുള്ളില്‍ പുറത്തുവരുമെന്നും പൂനവല്ല കൂട്ടിച്ചേര്‍ത്തു.
Discussion about this post