ശബരിമല: ശബരിമലയിലെ പ്രസാദം ഇനി മുതല്‍ തപാല്‍ വഴി രാജ്യത്തെവിടെയും ലഭ്യമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പോസ്റ്റ് ഓഫിസുകളില്‍ പണം അടച്ചാല്‍ ഇനി പ്രസാദം വീട്ടിലെത്തും. അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞള്‍, കുങ്കുമ പ്രസാദം, അര്‍ച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റില്‍ ഉണ്ടാവുക. 450 രൂപയാണ് വില.
പദ്ധതി ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. 1000 കിറ്റുകള്‍ നട തുറന്ന ദിവസം മാത്രം ദേവസ്വം ബോര്‍ഡ് തപാല്‍ വകുപ്പിന് കൈമാറി. സന്നിധാനത്ത് നിന്ന് പമ്പ- ത്രിവേണി പോസ്റ്റ് ഓഫീസിലേയ്ക്ക് ദേവസ്വം ബോര്‍ഡ് പ്രസാദം എത്തിച്ചു നല്‍കും. അവിടെ നിന്ന് തപാല്‍ വകുപ്പാണ് പ്രസാദം വിതരണം ചെയ്യുന്നത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ക്ക് സന്നിധാനത്ത് എത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. എല്ലാ വര്‍ഷവും ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് മടങ്ങുന്നവര്‍ക്ക് ഇത്തവണ പ്രസാദമെങ്കിലും എത്തിയ്ക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം. കേടുവരാന്‍ സാധ്യതയുള്ളതിനാല്‍ കിറ്റില്‍ നിന്നും അപ്പം ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post