തൃശ്ശൂര്‍: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മികച്ച മത്സരം കാഴ്ചവെക്കണമെന്ന പ്രതീക്ഷയിലാണ് സിറ്റിംഗ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ സംസ്ഥാന വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണനെ ബിജെപി മത്സരിത്തിനിറക്കിയത്.
എന്നാല്‍ കുട്ടന്‍കുളങ്ങര ഡിവിഷനിലെ സിറ്റിംഗ് കൗണ്‍സിലറായ ഐ ലളിതാംബിക ബിജെപിയില്‍ നിന്ന് രാജിവെച്ചത് ബിജെപിക്കും ഗോപാലകൃഷ്ണനും വെല്ലുവിളിയായിരിക്കുകയാണ്. ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു ലളിതാംബിക.
ഡിവിഷനില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്ക് ഒരു തവണകൂടി അവസരം നല്‍കണമെന്ന് നേതൃത്വത്തോട് ലളിതാംബിക അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ബി ഗോപാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചത്.
ഇതില്‍ പ്രതിഷേധിച്ചാണ് ലളിതാംബിക ബിജെപിയില്‍ നിന്നും രാജി വെച്ചത്. കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്ന് സ്വതന്ത്രയായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് ലളിതാംബിക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സംസ്ഥാന പ്രസിഡണ്ട്, ജില്ലാ പ്രസിഡണ്ട്, മണ്ഡലം പ്രസിഡണ്ട് എന്നിവര്‍ക്കാണ് ലളിതാംബിക രാജിക്കത്തയച്ചത്.
പാര്‍ട്ടി ചുമതലകളില്‍ തുടരുന്നത് മാനസികമായും ധാര്‍മ്മികമായും വിഷമമുണ്ടാക്കുന്നതാണെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്നെ അവഗണിച്ചുവെന്നും രാജികത്തില്‍ ലളിതാംബിക ആരോപിക്കുന്നു. ലളിതാംബികയുടെ രാജി ബിജെപിക്കിപ്പോള്‍ വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Discussion about this post