ആലപ്പുഴ: സ്കൂട്ടറുമായി ഓടയിലേക്കു വീണുണ്ടായ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം. ആലപ്പുഴ കലക്ടറേറ്റിനു സമീപത്തായാണ് സംഭവം. മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ പതിയാങ്കര തയ്യില്‍ സജീവന്റെ മകന് ഗോകുല്‍ ആണ് മരിച്ചത്.
ഇരുപത്തിരണ്ട് വയസ്സായിരുന്നു. കലക്ടറേറ്റിനു സമീപത്തെ കലുങ്കിനോടു ചേര്‍ന്ന ഓടയിലാണ് ഗോകുല്‍ വീണത്. ഇന്നലെ രാവിലെ ആറരയോടെയാണ് ഗോകുലിനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഗോകുലിന്റെ സമീപത്തായി സ്കൂട്ടര്‍ മറിഞ്ഞ് കിടപ്പുണ്ടായിരുന്നു. ഗോകുല്‍ സ്കൂട്ടറുമായി ഓടയില്‍ വീഴുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. അതുപ്രകാരം ബുധനാഴ്ച രാത്രി 10.25ന് ആണ് അപകടം. സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവിയില്‍ നിന്നാണു ലഭിച്ചത്.
ശബ്ദം കേട്ട് സമീപവാസി റോഡില്‍ പരിശോധിച്ചിരുന്നു. ഓടയില്‍ വീണു കിടന്നതിനാല്‍ ഗോകുലിനെ കാണാനായില്ല. കലുങ്കിന്റെ മുകളിലെ കല്‍ക്കെട്ടു കാരണം മറ്റു യാത്രക്കാര്‍ക്കും കാണാനായില്ല. ഓടയിലെ വെള്ളത്തില്‍ ശരീരത്തിന്റെ പകുതി മുങ്ങിയ നിലയിലായിരുന്നു.
അപകടത്തിന്റെ ആഘാതത്തില്‍ ഉണ്ടായ ഗുരുതര പരുക്കാണ് മരണകാരണമെന്നു സൗത്ത് പൊലീസ് പറഞ്ഞു. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.
Discussion about this post