ചെന്നൈ: തമിഴ്നാട്ടില്‍ നവംബര്‍ 16 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് നേരത്തേ പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു. പതിനാറ് മുതല്‍ ഒന്‍പത്, പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളും കോളേജുകളും തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ വ്യാപകമായ എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു. നേരിട്ട് ക്ലാസ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനവ്യാപകമായി തിങ്കളാഴ്ച സ്കൂളുകള്‍വഴി രക്ഷിതാക്കളില്‍ നിന്ന് അഭിപ്രായശേഖരണവും നടത്തിയിരുന്നു. അതില്‍ ഭൂരിഭാഗം രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച് സ്കൂളുകള്‍ തുറക്കുന്നതില്‍ പിന്നീട് തീരുമാനം എടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
അതേസമയം അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുമായി കോളേജുകളും സര്‍വകലാശാലകളും ഡിസംബര്‍ രണ്ടുമുതല്‍ തുറക്കും. ഈ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം കോളേജ് ഹോസ്റ്റല്‍ അനുവദിക്കും. മറ്റു വിദ്യാര്‍ത്ഥികള്‍ക്കായി കോളേജുകള്‍ എപ്പോള്‍ തുറക്കുമെന്ന് പിന്നീട് അറിയിക്കും. കോളേജുകളും സര്‍വകലാശാലകളും തുറക്കുമ്പോള്‍ കൊവിഡ് ജാഗ്രതാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post