മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിനായി പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം സ്ക്വാഡിൽ ചില മാറ്റങ്ങൾ വരുത്തി ബിസിസിഐ. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ട്വന്റി20 ടീമിന് പുറമെ ഏകദിന ടീമിലും ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് മൂന്ന് ഫോർമാറ്റിലും ഉൾപ്പെടുത്താതിരുന്ന രോഹിത് ശർമ്മയെ ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തിലും ട്വിന്റിയിലും രോഹിത് പുറത്തിരിക്കും. അതേസമയം, ആദ്യത്തെ ടെസ്റ്റ് മത്സരത്തിന് ശേഷം നായകൻ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയ സഞ്ജു സാംസൺ നീല ജേഴ്സിയിൽ ആദ്യമായി കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നേരത്തെ, 2014ൽ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി ട്വന്റി20 ടീമിൽ സഞ്ജു കളിച്ചിരുന്നു.
ട്വന്റി20 ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനെയും ടെസ്റ്റ് ടീമിൽ റിഷഭ് പന്തിനേയും ഉൾപ്പെടുത്തിയിരുന്നെങ്കിലും ഏകദിനത്തിനുള്ള വിക്കറ്റ് കീപ്പറെ പ്രഖ്യാപിച്ചിരുന്നില്ല. സെലക്ടർമാർ ഇന്ന് ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കെഎൽ രാഹുലിന്റെ ബാക്ക് അപ്പ് കീപ്പറായിട്ടാണ് സഞ്ജു ഏകദിന ടീമിലെത്തിയത്. യുവകീപ്പർ ഋഷഭ് പന്തിനെ ടെസ്റ്റിൽ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനായി നവംബർ 11നോ 12നോ ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പുറപ്പെടും. മൂന്നുവീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ആദ്യ ഏകദിനം നവംബർ 27ന് നടക്കും. ഡിസംബർ 17ന് അഡ്ലെയ്ഡിൽ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകും.
ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ഷാർദുൾ ഠാക്കൂർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ).
Discussion about this post