തിരൂർ: മലപ്പുറം ജില്ലയിലെ തിതൂരിന് എടുത്തുള്ള വെട്ടം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എന്താണ് കാര്യമെന്ന് ചോദിച്ചാൽ മറുപടി ഒരു കാര്യവുമില്ല എന്നുതന്നെയാണ്. എന്നാൽ ജോ ബൈഡൻ-ഡൊണാൾഡ് ട്രംപ് മത്സരം മുറുകുമ്പോൾ എല്ലാ കണ്ണുകളും അമേരിക്കയിലേക്ക് പായുമ്പോൾ നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പും സ്ഥാനാർത്ഥികളും അറിയാതെ പോവരുതെന്ന് വെട്ടത്തെ അഞ്ചാം വാർഡ് സ്ഥാനാർത്ഥി രജനി തന്റെ പ്രചാരണ പോസ്റ്ററിലൂടെ പറയുന്നു. തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണം കൊഴുക്കുമ്പോഴാണ് അഞ്ചാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി രജനി വ്യത്യസ്തമായ പോസ്റ്ററിലൂടെ വോട്ട് അഭ്യർത്ഥിച്ച് സോഷ്യൽമീഡിയയിലടക്കം ചർച്ചയാകുന്നത്.
പലവിധ തരത്തിലുള്ള വോട്ടഭ്യർത്ഥന കണ്ടിട്ടുണ്ടെങ്കിലും ഈ പോസ്റ്റർ വേറെ ലെവൽ തന്നെയാണ്. ”അമേരിക്കയിൽ ട്രംപ് വരുമോ ബൈഡൻ വരുമോന്നൊന്നും അറിയില്ല, പക്ഷെ, കൊട്ടേക്കാട് വാർഡിൽ രജനിയേച്ചി നമ്മുടെ കൂടെയുണ്ടാവും അതറിയാം.”- പോസ്റ്ററിൽ പറയുന്നതിങ്ങനെ. അങ്ങനെ മലപ്പുറത്തെ ഒരു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഒരു ചർച്ചയാവുകയാണ്. ഏതായാലും ബൈഡൻ യുഎസിൽ ജയമുറപ്പിച്ചിരിക്കുകയാണ്. പഞ്ചായത്തിലെ ഇടതുപക്ഷത്തിന്റെ പ്രധാന നേതാവും സിപിഎം വെട്ടം ലോക്കൽ കമ്മിറ്റി അംഗവുമായ രജനി ഇനി അഞ്ചാംവാർഡ് പിടിച്ചടക്കുമോ എന്ന് കാത്തിരുന്നറിയാം.
കഴിഞ്ഞ തവണ യുഡിഎഫിൽ നിന്നും ഇടതുപക്ഷം പിടിച്ചെടുത്ത വാർഡ് ആയിരുന്നു രജനി മത്സരിക്കുന്ന അഞ്ചാം വാർഡ്. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് വാർഡ് മെമ്പർ രാജിവെക്കുകയും രണ്ടു വർഷം മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടും ജയിച്ചു സീറ്റ് നിലനിർത്തുകയും ചെയ്തു. സാധാരണക്കാരിൽ സാധാരണക്കാരിയായ ജീവിത പശ്ചാത്തലമാണ് രജനിയുടേത്.
ഈ പഞ്ചായത്താകട്ടെ നാലു പതിറ്റാണ്ടായി മുസ്ലീം ലീഗല്ലാതെ മറ്റാരും ഭരിച്ചിട്ടില്ല. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിൽ ആണ് പല വാർഡുകളും യുഡിഎഫ് പിടിച്ചത്. 20 സീറ്റുകൾ ഉള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ 7 സീറ്റുകൾ നേടി ഇടതുപക്ഷം വിജയിച്ചിരുന്നു.
പഞ്ചായത്തിൽ സിപിഐക്ക് മറ്റു ചില വാർഡുകളിൽ ചെറിയ സ്വാധീനം ഉണ്ട് . കഴിഞ്ഞ തവണ സിപിഐ മുന്നണി ആയല്ല മത്സരിച്ചത്. സിപിഐക്ക് സ്വാധീനമുള്ള വാർഡിലും സിപിഎം വിജയിച്ചിരുന്നു. ഇത്തവണ സിപിഐ ഇടതു മുന്നണിയുടെ ഭാഗമായി ഉണ്ട്. അതുകൊണ്ട് തന്നെ ഇടതുമുന്നണി വലിയ പ്രതീക്ഷയിലാണ്.
പഞ്ചായത്തിലെ തങ്ങളുടെ ഏറ്റവും ജനകീയയായ വാർഡ് മെമ്പറെ യുഡിഎഫ് സിറ്റിംഗ് സീറ്റിൽ മത്സരിപ്പിച്ച് പഞ്ചായത്ത് പിടിച്ചെടുക്കുക എന്ന തന്ത്രമാണ് ഇടതു മുന്നണി പയറ്റുന്നത്. രണ്ടു തവണ തുടർച്ചയായി മത്സരിച്ചു വാർഡ് 4 ൽ നിന്നും മത്സരിച്ചു മെമ്പർ ആയ വ്യക്തിയാണ് രജനി. കഴിഞ്ഞ തവണ ജനറൽ സീറ്റിൽ പുരുഷ സ്ഥാനാർത്ഥിയോടാണ് രജനി മത്സരിച്ചു വിജയിച്ചത്. ഇത്തവണ തൊട്ടടുത്തുള്ള അഞ്ചാം വാർഡിൽ യുഡിഎഫ് സിറ്റിംഗ് സീറ്റിൽ എൽഡിഎഫിനായി മത്സരിക്കുന്നു.
Discussion about this post