കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശോഭാ സുരേന്ദ്രന് രംഗത്ത്. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന് തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരിട്ട ‘വെട്ടിനിരത്തല്‍’ തുറന്നുകാട്ടി ശോഭാ സുരേന്ദ്രന് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
സുരേന്ദ്രന് തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നല്കിയ പരാതിയില്‍ ശോഭ സുരേന്ദ്രന് പറയുന്നു. സുരേന്ദ്രന് സംസ്ഥാനപ്രസിഡന്റായശേഷം അവഗണന നേരിടുന്നവരെ ഒന്നിച്ചുചേര്‍ത്ത് ശോഭാ സുരേന്ദ്രന് അടുത്തിടെ പാര്‍ട്ടിക്കുള്ളില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.
അവരുടെകൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രനേതൃത്വത്തിന് പരാതിനല്‍കിയത്. സംസ്ഥാന ജനറല്‍സെക്രട്ടറിയായും കോര്‍-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താന്‍ തുടരുമ്പോഴാണ് കെ. സുരേന്ദ്രന് സംസ്ഥാനപ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.
ഈഴവ-പിന്നാക്ക സമുദായത്തില്‍നിന്ന് കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ പരിവാര്‍പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടിയിലേക്കെത്തിയ തന്റെ ട്രാക്ക് റെക്കോഡ് ശോഭ കേന്ദ്രനേതൃത്വത്തിനുമുന്നില്‍ എടുത്തുകാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കുണ്ടാക്കിയ മുന്നേറ്റവും എടുത്തുപറയുന്നു. കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞത്.
പാര്‍ട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയില്‍വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി 2004-ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പറയരുതെന്ന് നിര്‍ദേശിക്കുന്നയാള്‍തന്നെ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളില്‍ വ്യക്തിഹത്യനടത്തുന്നുവെന്ന് കേന്ദ്രനേതൃത്വത്തിനുമുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണ്. പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വഴിയാണ് അവര്‍ കാട്ടിത്തരുന്നത്. അവരുടെയെല്ലാം നീക്കം തങ്ങളെ അപമാനിച്ച് പുറത്താക്കാനാണ് എന്നും ശോഭ ചൂണ്ടിക്കാട്ടുന്നു.
Discussion about this post