തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി കൂടുതല്‍ ജില്ലകള്‍. എറണാകുളം,ആലപ്പുഴ, പത്തനംതിട്ട,വയനാട്, മലപ്പുറം ജില്ലകളാണ് നിരോധനാജ്ഞ നീട്ടിയത്. 15 ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. നിരോധനാജ്ഞ നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം തിരുവനന്തപുരത്ത് നാളെ തീരുമാനമെന്ന് കളക്ടര്‍ അറിയിച്ചു.
നേരത്തെ ജില്ലയില്‍ നിരോധനാജ്ഞ നീട്ടിയ കാര്യം തൃശ്ശൂര്‍ കളക്ടര്‍ അറിയിച്ചിരുന്നു. തൃശൂര്‍ ജില്ലയില്‍ കൊവിഡ്-19 വ്യാപനം സൂപ്പര്‍ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 3 മുതല്‍ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലകളക്ടര്‍ ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷന്‍ എന്നീ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ 15 വരെ ബാധകമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
വിവാഹ ചടങ്ങുകളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും മാത്രമേ കൂടിച്ചേരാവൂ. സര്‍ക്കാര്‍ പരിപാടികള്‍, മതചടങ്ങുകള്‍, പ്രാര്‍ഥനകള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ കൂടിച്ചേരാവൂ. ചന്തകള്‍, പൊതുഗതാഗതം, ഓഫീസ്, കടകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്‌മെന്റുകള്‍, വ്യവസായങ്ങള്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
ഈ ഉത്തരവ് ജില്ലാ പോലീസ് മേധാവികള്‍ നടപ്പിലാക്കേണ്ടതാണെന്നും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അവരുടെ അധികാര പരിധികളില്‍ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. പൊതുചന്തകള്‍ അണുവിമുക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ഈ ഉത്തരവ് നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ടവര്‍ക്കും മറ്റ് അവശ്യ സര്‍വീസുകളില്‍പ്പെട്ടവര്‍ക്കും ബാധകമായിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post