കൊച്ചി: തനിക്ക് നീതി കിട്ടുമെന്ന് ഉറപ്പില്ലെന്നും പക്ഷപാതപരമായി പെരുമാറുന്ന വിചാരണക്കോടതി മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ. നടി ആക്രമിക്കപ്പെട്ട കേസിലെ പരാതിക്കാരിയുടെ ആരോപണം വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
ഇരയെ മാനസികമായി പീഡിപ്പിക്കുന്നെന്ന ആക്ഷേപം വിചാരണക്കോടതി പരിഗണിച്ചില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ആക്രമിക്കപ്പെട്ട നടി കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തുകയും വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനും സമാനമായ ആവശ്യവുമായി മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു.
കേസ് പരിഗണിക്കുന്നതിനിടെ വിചാരണ കോടതിയുടെ പ്രതിഭാഗത്തിന് അനുകൂലമായ പക്ഷപാതിത്വം നടി കോടതിയിൽ ആവർത്തിച്ചു. തനിക്ക് ഈ കോടതിയിൽനിന്നും നീതി ലഭിക്കുന്നില്ല. 20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്. ചോദ്യം ചെയ്യലിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിൽക്കുകയായിരുന്നെന്നും നടി കോടതിയിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാരും സമാനമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. പ്രോസിക്യൂഷന് പല രേഖകളും നൽകാൻ കോടതി തയ്യാറാവുന്നില്ല എന്ന ആരോപണം സർക്കാരും കോടതിയിൽ ഉന്നയിച്ചു. ഇക്കാര്യങ്ങൾ എന്തുകൊണ്ട് വിചാരണ സമയത്ത് ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. വാക്കാൽ ഇക്കാര്യങ്ങൾ ഉന്നയിച്ചിരുന്നെന്നും കോടതിയിൽ നടന്ന കാര്യങ്ങളെല്ലാം വിശദമാക്കി സീൽ ചെയ്ത കവറിൽ ഹൈക്കോടതിക്ക് നൽകാൻ തയ്യാറാണെന്നും സർക്കാർ പറഞ്ഞു. പ്രോസിക്യൂഷന് പോലും വിചാരണക്കോടതിയെ വിശ്വാസമില്ലെന്ന് നടിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
അതേസമയം, വിഷയത്തിൽ വിശദമായ വാദം കേൾക്കാം എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. വിചാരണക്കോടതിയെ മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി പരിഗണിക്കുകയാണ്.
Discussion about this post