കോട്ടയം: സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകൾ പാടില്ലെന്ന ചട്ടംലംഘിച്ച് കെഎസ്ആർടിസി ഡിപ്പോയിൽ മഹാനവമി ദിവസം ആയുധ പൂജ. സംഭവം വിവാദമായതോടെ ആയുധപൂജ സംഘടിപ്പിച്ചത് ഡിപ്പോയിലെ ആർഎസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രവർത്തകരാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.
പൂജയിൽ ഡിപ്പോ എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഏതെങ്കിലും മതചിഹ്നങ്ങളോ മതാനുഷ്ടാന വസ്തുക്കളോ ബസുകളിൽ പ്രദർശിപ്പിക്കാനോ പ്രതിഷ്ഠിക്കാനോ പാടില്ല എന്ന് ഈ മാസം എട്ടിന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ സർക്കുലർ പുറത്തിറക്കിയിരുന്നു.
അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർ ആർ ഗിരീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ആയുധ പൂജ സംഘടിപ്പിച്ചത്. ഡിപ്പോ ഗ്യാരേജിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു പൂജ. ഗ്യാരേജിലെ തന്നെ ഉപകരണങ്ങളാണ് പൂജയ്ക്കു വച്ചത്. നിരവധി ജീവനക്കാരാണ് ആയുധ പൂജാ ചടങ്ങിൽ പങ്കെടുത്തത്.
ഇതിനിടെ, കണ്ണൂർ ജില്ലയിലും ഡിപ്പോയ്ക്കുള്ളിൽ പൂജ വെപ്പ് ചടങ്ങുകൾ നടന്നെന്നാണ് വിവരം. കണ്ണൂർ ഡിപ്പോയിൽ ബസുകളാണ് പൂജയ്ക്കു വെച്ചത്.
Discussion about this post