ന്യൂഡല്‍ഹി: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യുവാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിച്ച് പോളിങ് ഓഫീസര്‍. ഇതിനെതിരെ പ്രതികരിച്ച മാധ്യമപ്രവര്ത്തകന് നേരെയും ആക്രമണമുണ്ടായി. രാജസ്ഥാനിലെ ആദര്‍ശ് നഗറിലെ സങ്കരേലി ഗേറ്റിലെ 101ാം നംബര് ബുത്തിലാണ് സംഭവം നടന്നത്.
ബൂത്തിലെ വോട്ടര്‍മാരില്‍ നിരവധി പേരെ വോട്ടര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ഇവിടെ വിവിപാറ്റ് മെഷീനുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നും ജനങ്ങള്‍ പറയുന്നു. വോട്ട് രേഖപ്പെടുത്താനെത്തിയവരോട് പോളിങ്ങ് ഓഫീസര്‍ മെഷീനിലെ ആദ്യ ബട്ടണ്‍ അമര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി അശോക് പര്‍നാമിയുടേതാണ് മെഷീനിലെ ആദ്യപേര്. ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്ന എല്ലാവരോടും അയാള്‍ ഇതേ കാര്യം ആവര്‍ത്തിച്ചതായും സ്ഥലത്തെ വോട്ടറായ ജബ ഖുറേഷി പറയുന്നു.
എല്ലാവര്ക്കും സ്വന്തം ഇഷ്ട പ്രകാരം വോട്ട് രേഖപ്പെടുത്താന്‍ അവകാശം ഉണ്ടെന്നിരിക്കെയാണ് പോളിങ് ഓഫീസറുടെ നടപടി. ഈ കാര്യം പരിശോധിക്കാന്‍ എത്തിയ ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമപ്രവര്ത്തകന് നേരെയാണ് ആക്രമണം അഴിച്ചു വിട്ടത്. മാധ്യമപ്രവര്ത്തകന് ബുത്തിലെ ഉദ്യോഗസ്ഥരോട് ഈ കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ ലാല്‍ കോത്തി ഏരിയയിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ രാജ് കുമാര്‍ ശര്‍മ്മ വന്ന് തട്ടികയറുകയായിരുന്നു.
പോളിങ് ഓഫീസിലേക്ക് എന്തിന് അതിക്രമിച്ചു കയറി എന്നായിരുന്നു ഇയാള്‍ ചോദിച്ചത്. തന്നെ ജയിലില്‍ അടയ്ക്കുമെന്ന ഭീഷണിപ്പെടത്തിയതായും മാധ്യമപ്രവര്ത്തകന് പറയുന്നു. വോട്ടര്‍മാരെ സ്വാധിനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് മാധ്യമപ്രവര്ത്തകന് ആരോപിച്ചപ്പോള്‍ രാജ് കുമാര്‍ ശര്‍മ്മ കയ്യേറ്റം ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. സംഭവം അറിഞ്ഞെത്തിയ ഡെപ്യൂട്ടി കമ്മീഷണര്‍ ബൂത്തിലെത്തുകയം പോളിങ്ങ് ഓഫീസറുമായി സംസാരിക്കുകയും ചെയ്തു. ഇതിന് പിറകെ ഇയാളെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും നീക്കി പകരം ഉദ്യോഗസ്ഥനെ നിയോഗിച്ചു.
Discussion about this post