സേലം: കണ്ടെയ്നര്‍ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വിലവരുന്ന 14500ത്തിലധികം ഫോണുകള്‍ കവര്‍ന്നു. ചെന്നൈയില്‍നിന്ന് മുംബൈയിലേക്ക് റെഡ്മി മൊബൈല്‍ ഫോണുകളുമായി പോയ ലോറിയാണ് കൊള്ളയടിച്ചത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
തട്ടിയെടുത്ത ലോറി പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു. ചെന്നൈയിലെ റെഡ്മി പ്ലാന്റില്‍നിന്ന് മുംബൈയിലേക്ക് മൊബൈല്‍ ഫോണുകളുമായി പോവുകയായിരുന്ന ലോറിയാണ് കൊള്ളയടക്കപ്പെട്ടത്. ഡ്രൈവര്‍ക്ക് പുറമേ ക്ലീനറും ലോറിയിലുണ്ടായിരുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ച നടന്നത്. ഒരു കാര്‍ ലോറിക്ക് കുറുകെ നിര്‍ത്തിയിട്ടായിരുന്നു കവര്‍ച്ച. കാര്‍ മുന്നില്‍വന്നതോടെ ലോറി റോഡില്‍ നിര്‍ത്തി. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ലോറിയില്‍ കയറി ഡ്രൈവറെയും ക്ലീനറെയും ആക്രമിച്ച് ലോറിയുമായി കടന്നു കളയുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് പിന്നീട് ലോറി കണ്ടെടുത്തത്. എന്നാല്‍ കണ്ടെയ്നറിലെ മുഴുവന്‍ ഫോണുകളും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. ലോറി ഇവിടെനിര്‍ത്തിയിട്ട് മൊബൈല്‍ ഫോണുകള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം കവര്‍ച്ചാസംഘം രക്ഷപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post