കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ് അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് നേരത്തെ കേൾക്കണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസിൽ എതിർ സത്യവാങ്മൂലം പോലും നൽകാതെ ഹർജിയുമായി എത്തിയതിനാൽ അത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് കോടതി ഹർജി തള്ളിയത്.
കേസിൽ ഇന്ന് വാദത്തിന് തയ്യാറാണോ എന്ന് സിബിഐ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. എന്നാൽ വാദത്തിന് തയ്യാറല്ലെന്നും കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാനുണ്ടെന്നും അത് സിബിഐ ഡയറക്ടറുടെ അംഗീകാരത്തിന് നൽകിയിരിക്കുന്നു എന്നുമായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി. അഡീഷണൽ സോളിസിറ്റർ ജനറൽ കേസിൽ ഹാജരാകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം തയ്യാറാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതേസമയം, കേസിൽ ഒരു എതിർ സത്യവാങ്മൂലം പോലും ഫയൽ ചെയ്യാതെ കേസ് നേരത്തെ കേൾക്കണമെന്ന ആവശ്യവുമായി ഹർജി സമർപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കേസ് ഇന്ന് തന്നെ പരിഗണക്കാൻ കോടതി തയ്യാറായിരുന്നു. പക്ഷേ എതിർ സത്യവാങ് മൂലം പോലുമില്ലാതെ ഹർജിയുമായി എന്തിന് വന്നു എന്നതായിരുന്നു കോടതിയുടെ ചോദ്യം. ഈ ഘട്ടത്തിൽ എങ്ങനെ കേസ് നേരത്തെ കേൾക്കുമെന്നും കോടതി ചോദിച്ചു. ഇതിനിടെ, സിബിഐയുടെ ഹർജി പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു.
മാധ്യമങ്ങളിൽ വാർത്ത വരുത്താനാണ് സിബിഐ ഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിൽ ഇപ്പോൾ സ്‌റ്റേ നിലവിലുണ്ട്. അതിൽ എതിർ സത്യവാങ്മൂലം നൽകാൻ പോലും സിബിഐ തയ്യാറായിട്ടില്ല എന്നിട്ടും വേഗത്തിൽ പരിഗണിക്കണമെന്ന ഹർജിയുമായി കോടതിയെ സമീപിച്ചത് വാർത്തയുണ്ടാക്കാനാണെന്നും സർക്കാരിന് വേണ്ടി ഹാജരായ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ കെബി വിശ്വനാഥൻ ചൂണ്ടിക്കാണിച്ചു.
എതിർ സത്യവാങ്മൂലം സമർപ്പിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരാകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച ശേഷം സിബിഐയ്ക്ക് പുതിയ ഹർജി നൽകാമെന്നും ഹൈക്കോടതി നിർദേശിച്ചു.
Discussion about this post