മൂവാറ്റുപുഴ: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ചിറയില്‍ വീണു. സ്ത്രീയടക്കം 6 പേരടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ ചിറയില്‍ ചാടി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
എംസി റോഡില്‍ പള്ളിച്ചിറങ്ങരയിലാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് അപകടമുണ്ടായത്. അടിമാലി അടിവാട് സ്വദേശികളായ അലിമുത്തു, ഭാര്യ റെജില, മക്കളായ ബാദുഷ, അബുതാഹിര്‍, മൈതീന്‍ ഷാ, മൈതീന്‍ ബാവ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ശക്തമായ മഴയ്ക്കിടെയായിരുന്നു അപകടം. അടിമാലി അടിവാട് നിന്നു പെരുമ്പാവൂര്‍ക്കു പോകുകയായിരുന്ന കാറിന്റെ പിറകിലെ ടയര്‍ പൊട്ടിയതോടെ നിയന്ത്രണം വിട്ട് റോഡരികിലുള്ള ചിറയിലേക്കു പതിക്കുകയായിരുന്നു. ചിറയ്ക്കു സമീപമുള്ള പള്ളിക്കാവ് ത്രിദേവി ക്ഷേത്രത്തിന്റെ കമാനവും സുരക്ഷ ഗര്‍ഡറുകളും ഇടിച്ചു തകര്‍ത്താണ് 12 അടിയോളം വെള്ളമുണ്ടായിരുന്ന ചിറയിലേക്ക് കാര്‍ പതിച്ചത്.
ചിറയിലേക്കു മറിയുന്നതിനിടെ സംയമനം വിടാതെ ഡ്രൈവര്‍ കാറിന്റെ ചില്ലുകള്‍ താഴ്ത്തിയിരുന്നു. ഇതിലൂടെ ആദ്യം പുറത്തിറങ്ങിയ 2 പേരും അപകടം കണ്ട് ചിറയില്‍ ചാടിയ നാട്ടുകാരും ചേര്‍ന്നു കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. മൂവാറ്റുപുഴ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Discussion about this post