രാജ്യം ദീപാവലി ദിവസത്തിനായുള്ള കാത്തിരിപ്പിലാണ്. ഈ വരുന്ന ദീപാവലിക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളെല്ലാം ഉപേക്ഷിച്ച് ആഘോഷിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനായി ചൈനീസ് ലൈറ്റുകളും പടക്കങ്ങളും ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് ലൈറ്റുകള്‍ക്ക് പകരം ചാണകത്തില്‍ നിന്ന് സൃഷ്ടിച്ച 33 കോടി പരിസ്ഥിതി സൗഹൃദ പാത്രങ്ങള്‍ ഉപയോഗിക്കാനാണ് രാഷ്ട്രീയ കാമധേനു ആയോഗ് ആഹ്വാനം ചെയ്യുന്നത്. ചൈനയില്‍ നിര്‍മിച്ച ലൈറ്റ് തെളിയിക്കുന്ന പാത്രങ്ങളെ ഉപേക്ഷിക്കുന്ന ഈ ക്യാംപെയിന്‍ പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’ ആശയം ഉയര്‍ത്തുമെന്ന് ആയോഗിന്റെ ചെയര്‍മാന്‍ വല്ലഭായ് കതിരിയ പറഞ്ഞു.
ചാണകത്തെ അടിസ്ഥാനമാക്കിയുള്ള ചരക്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി രാഷ്ട്രീയ കാമധേനു ആയോഗ് രാജ്യവ്യാപകമായി വിപണന ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. 15 ലധികം സംസ്ഥാനങ്ങള്‍ മാര്‍ക്കറ്റിങ് ക്യാംപെയ്‌നിന്റെ ഭാഗമാകാന്‍ സമ്മതിച്ചിട്ടുണ്ട്.
അയോധ്യയില്‍ മൂന്ന് ലക്ഷത്തോളം വിളക്കുകള്‍ കത്തിക്കുമെന്നും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഒരു ലക്ഷം വിളക്കുകള്‍ കത്തിക്കുമെന്നും വല്ലഭായ് കതിരിയ പറഞ്ഞു. ചാണക പാത്രങ്ങളുടെ നിര്‍മാണം ആരംഭിച്ചു. ദീപാവലിക്ക് മുന്‍പ് 33 കോടി വിളക്കുകളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ വെളിച്ചത്തിന്റെ ആഘോഷമായ ദീപാവലിക്ക് ചൈനീസ് ലൈറ്റുകള്‍ക്ക് വിപണിയില്‍ വന്‍ തിരിച്ചടി നേരിടുമെന്നുറപ്പാണ്. ഇന്ത്യയില്‍ പ്രതിദിനം 192 കോടി കിലോ ചാണകം ഉത്പാദിപ്പിക്കപ്പെടുന്നു. ചാണകം അടിസ്ഥാനമാക്കിയുള്ള ചരക്കുകളില്‍ ഉപയോഗിക്കാത്ത വലിയ സാധ്യതകളുണ്ടെന്നും വല്ലഭായ് കതിരിയ പറഞ്ഞു.
Discussion about this post