ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ വിവരങ്ങള്‍ പുറത്തു വന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന എക്‌സിറ്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. രാജ്യം ഉറ്റു നോക്കുന്ന മധ്യപ്രദേശില്‍ ഇഞ്ചോട് ഇഞ്ച് പോരാട്ടം നടക്കുമെങ്കിലും നേരിയ തോതിലുള്ള മുന്‍തൂക്കം കോണ്‍ഗ്രസിനാണെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 104 മുതല്‍ 122 സീറ്റുകള്‍ വരെ സര്‍വേ പ്രവചിക്കുന്നു. ബിജെപി 102 മുതല്‍ 120 സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ പറയുന്നു.
ഛത്തീസ്ഗഡില്‍ 50 സീറ്റുവരെ കോണ്‍ഗ്രസും 39 സീറ്റുവരെ ബിജെപിയും നേടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വേ. എന്നാല്‍ പുറത്തുവന്ന മൂന്ന് സര്‍വേകള്‍ കോണ്‍ഗ്രസിനും, മൂന്ന് സര്‍വേകള്‍ ബിജെപിക്കും മൂന്‍തൂക്കം നല്‍കുന്നതാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും കോണ്‍ഗ്രസ് മുന്‍തൂക്കം നേടുമെന്നാണ് സര്‍വേ ഫലങ്ങള്‍ പൊതുവില്‍ തരുന്ന സൂചന. തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തുമെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.
നിലവില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഡഡിലും ബിജെപിയാണ് ഭരിക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ടിആര്‍എസുമാണ്. ഡിസംബര്‍ 11നാണ് അന്തിമഫലം പുറത്തുവരിക.
Discussion about this post