ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് കൊവിഡ് പരിശോധയ്ക്ക് പുതിയ മാര്‍ഗം വികസിപ്പിക്കുന്നു. ഒരു ട്യൂബിലേക്ക് ഊതിയാല്‍ പരിശോധന ഫലം അറിയുന്ന തരത്തിലാണ് പുതിയ കിറ്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. പരിശോധന നടത്തേണ്ട ആള് ഒരു ട്യൂബിലേക്ക് ഊതിയാല്‍ ട്യൂബിനുള്ളിലെ രാസവസ്തുക്കള്‍, ശ്വാസത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് തിരിച്ചറിയും. ഇത്തരത്തില്‍ നടത്തുന്ന പരിശോധനയുടെ ഫലം മുപ്പതു മുതല്‍ അമ്പത് സെക്കന്‍ഡിനുള്ളില്‍ ലഭിക്കും.
പുതിയ പരിശോധനാ കിറ്റ് വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകുമെന്ന് ഇസ്രയേലിന്റെ ഇന്ത്യയിലെ അംഡബാസിഡര്‍ റോണ്‍ മാല്‍ക പറഞ്ഞു. പുതിയ കൊവിഡ് പരിശോധനാ പ്രോജക്ട് ജോലികള്‍ അവസാനഘട്ടത്തിലാണ്. നാല് വ്യത്യസ്ത സാങ്കേതിക വിദ്യകളില്‍ ചിലവ സംയോജിപ്പിച്ചായിരിക്കും പുതിയ പരിശോധനാ സംവിധാനം രൂപപ്പെടുത്തുന്നത്. കൃത്യതയാര്‍ന്ന ഒരു സാങ്കേതിക വിദ്യയിലേക്ക് എത്തിച്ചേരാന്‍ രണ്ടോ മൂന്നോ ആഴ്ചയിലധികം എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ദ്രുതപരിശോധനാ കിറ്റിന്റെ നിര്‍മാണ കേന്ദ്രം ഇന്ത്യയായിരിക്കണമെന്നാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡയറക്ടറേറ്റ് ഓഫ് ഇസ്രയേല്‍, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ.), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്.) എന്നിവ സംയുക്തമായാണ് ഈ പരിശോധനാ കിറ്റ് വികസിപ്പിക്കുക.
Discussion about this post