പാലാ: 50 ദിവസം കൊണ്ട് അമല്‍രാജ് പൂര്‍ത്തിയാക്കിയത് 518 കോഴ്സുകളാണ്. നേടിയതാകട്ടെ 570 സര്‍ട്ടിഫിക്കറ്റുകളും. കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും ആണ് പാലായിലെ അമല്‍രാജിന് ഈ നേട്ടത്തിന് തുണച്ചത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളെ കൃത്യമായി ഉപയോഗിച്ചതാണ് ഈ നേട്ടത്തിന് അമലിനെ പ്രാപ്തനാക്കിയത്.
അമേരിക്കയിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍, മിഷിഗണ്‍ സര്‍വകലാശാല, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ യൂണിവേഴ്സിറ്റി, ലണ്ടനിലെ കിങ്സ് കോളജ്, യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ്, ഒപ്പം രാജ്യാന്തര സംഘടനകളായ ഡബ്ല്യു എച്ച് ഒ, യൂണിസെഫ്, ആംനസ്റ്റി ഇന്റര്‍ നാഷണല്‍, ഒളിംപിക് കമ്മറ്റി, ഫിഫ, എന്നിങ്ങനെ ഉയര്‍ന്ന കോഴ്സുകള്‍ തന്നെയാണ് അമല്‍രാജ് തെരഞ്ഞെടുത്തത്.
നാടും വീടും വിട്ട് ദശലക്ഷങ്ങള്‍ മുടക്കി പലരും ഇത്തര കോഴ്സുകള്‍ പൂര്‍ത്തീകരിക്കുമ്പോഴാണ് സ്വന്തം വീട്ടിലെ മുറിയിലിരുന്നുകൊണ്ട് കാര്യമായ പണച്ചെലവ് പോലുമില്ലാതെയുള്ള അമല്‍ അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ കോഴ്സുകളുടെ സാധ്യതയെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ വന്ന കുറിപ്പുകളാണ് വഴിത്തിരിവായത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഓരോ സര്‍വകലാശാലകളുടെയും വാതിലുകള്‍ തുറന്നു കിട്ടി. ഓഗ്സ്റ്റ് പതിനെട്ടിനാണ് അമല്‍ പഠനം തുടങ്ങുന്നത്.
അച്ഛന് സി ഹരിദാസും അമ്മ ജയയും സഹോദരി ഡോ. അമിതയും പിന്തുണയുമായി ഒപ്പം നിന്നു. ഇതോടെ പൂര്‍ണ്ണമായും പഠിപ്പിലേയ്ക്ക് തിരിഞ്ഞു. അര മണിക്കൂര്‍ മുതല്‍ അമ്പത് മണിക്കൂര്‍ വരെയുള്ള കോഴ്സുകളാണ് അമല്‍ പൂര്‍ത്തിയാക്കിയത്. പഠനത്തിനായി ഇരുപത് മണിക്കൂറുകള്‍ വരെ മാറ്റിവച്ച ദിവസങ്ങള്‍ ഉണ്ട്. നിലവില്‍ കോതമംഗം നങ്ങേലില്‍ മെഡിക്കല്‍ കോളജില്‍ ബിഎഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അമല്‍. കോഴ്സുകള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം മറ്റൊരു നേട്ടത്തിന്റെ കൂടി പടിവാതിലാണ് അമല്‍. ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്‍ കോഴ്സ് പൂര്‍ത്തിയാക്കിയതിന്റെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഇനി അമലിന് സ്വന്തമാണ്. ഇതിന്റെ നടപടികളും പുരോഗമിക്കുകയാണ്.
Discussion about this post