തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്. ആക്ട് പ്രകാരം കര്ഷകന് എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തി എന്നതാണ്. കൃഷി എന്നാല്‍ ഉദ്യാനകൃഷിയും, ഔഷധ സസ്യകൃഷിയും, നഴ്സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്, കന്നുകാലി ഉള്‍പ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാര്‍ഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉള്‍പ്പെടും.
ബോര്‍ഡിന്റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കര്‍ഷകര്‍ നൂറു രൂപ രജിസ്ട്രേഷന് ഫീസായി നല്‍കണം. ഒപ്പം പ്രതിമാസ കുറഞ്ഞത് 100 രൂപ അംശദായം അടക്കണം. കര്‍ഷകര്‍ക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും.ക്ഷേമനിധി അംഗങ്ങള്‍ക്ക് വ്യക്തിഗത പെന്ഷന്, കുടുംബ പെന്ഷന്, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കുക.
1. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് ഒടുക്കിയ അംശദായത്തിന്റെ ആനുപാതികമായി പെന്ഷന് ലഭിക്കുന്നതാണ്.2. കര്‍ഷക പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമനിധിയില്‍ നിന്നും പെന്ഷന് ലഭിക്കും.3. കുടുംബപെന്ഷന്: കുറഞ്ഞത് 5 വര്‍ഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാവും ഈ പെന്ഷന് ലഭിക്കുക.4. അനാരോഗ്യ ആനുകൂല്യം: പെന്ഷന് തീയതിക്കു മുമ്പു തന്നെ അനാരോഗ്യം കാരണം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസ്സുവരെ പ്രതിമാസം പെന്ഷന് നല്‍കും.5. അവശതാ ആനുകൂല്യം: രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവര്‍ക്ക് ഈ ആനുകൂല്യം നല്‍കും.6. ചികിത്സാ സഹായം: ബോര്‍ഡ് തീരുമാനിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ അംഗങ്ങള്‍ ചേരേണ്ടതാണ്. ബോര്‍ഡ് നിശ്ചയിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അത്തരം അംഗങ്ങള്‍ക്ക് പ്രത്യേക സഹായധനം നല്‍കും.7. വിവാഹ-പ്രസവാനുകൂല്യം: ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെണ്മക്കളുടെയും വിവാഹത്തിനും ആനുകൂല്യം നല്‍കും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ട് തവണ ആനുകൂല്യം നല്‍കും.8. വിദ്യാഭ്യാസ ധനസഹായം: ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലകളിലെ പഠനത്തിന് ആനുകൂല്യം നല്‍കും.
Discussion about this post