തൃശ്ശൂർ: സിപിഎമ്മിനെതിരെ മാത്രം എഴുതാൻ പേനയിൽ മഷി നിറയ്ക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് എം സ്വരാജ് എംഎൽഎ. തൃശ്ശൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.യു സനൂപിനെ സംഘപരിവാർ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് പോലും ചെയ്യാത്ത പത്ര-മാധ്യമങ്ങൾ കൊലയാളികൾക്ക് ഒപ്പമാണെന്ന് എം സ്വരാജ് കുറ്റപ്പെടുത്തി. സനൂപിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കുറിച്ച ഫേസ്ബുക്ക് കുറിപ്പിലാണ് കൊല്ലപ്പെടുന്നവന്റെ മുഖവും പിടിച്ച കൊടിയുടെ നിറവും നോക്കി മാത്രം പിറക്കുന്ന മുഖപ്രസംഗങ്ങൾക്കും ലേഖന പരമ്പരകൾക്കും വാർത്തകൾക്കും നാടിനെ സമാധാനത്തിലേയ്ക്ക് നയിക്കാനാവില്ലെന്ന് എം സ്വരാജ് തുറന്നടിച്ചത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അരുംകൊല ചെയ്യപ്പെടുന്ന നാലാമത്തെ ചെറുപ്പക്കാരനാണ് സനൂപ്. ആർഎസ്എസും കോൺഗ്രസും ആയുധങ്ങൾ തേച്ചുമിനുക്കുന്നു. കമ്മ്യൂണിസ്റ്റുകാർ ഓരോരുത്തരായി കൊല്ലപ്പെടുന്നു. കേരളം ചോരയിൽ കുതിരുമ്പോൾ മൗനം പാലിയ്ക്കുന്നവർ കൊലയാളികൾക്കൊപ്പമാണ്. ഇന്നത്തെ മുഖ്യധാരാ പത്രങ്ങളുടെ പല എഡിഷനുകളിലും ഈ വാർത്തയേ ഇല്ലത്രെ .
വാർത്ത കൊടുത്തചില എഡിഷനുകളിൽ അതു കാണണമെങ്കിൽ
പത്രം സൂക്ഷ്മപരിശോധന നടത്തണം- സ്വരാജ് വിമർശിക്കുന്നു.
എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
അരുംകൊലകൾ അറുതിയില്ലാതെ ….
കേരളത്തിലെ പ്രധാനപ്പെട്ട സർക്കാരാശുപത്രികളിലെല്ലാം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വർഷങ്ങളായി ഉച്ചഭക്ഷണമെത്തിയ്ക്കുന്നത് DYFl ആണ്. ഹൃദയപൂർവമെന്ന മഹത്തായ ഉച്ചഭക്ഷണ പരിപാടിയ്ക്കായി പൊതിച്ചോറു സംഘടിപ്പിയ്ക്കാൻ ഇന്നലെ ഓടി നടന്ന ഒരു ചെറുപ്പക്കാരനിപ്പോൾ തൃശൂരിൽ ചോരയിൽ കുളിച്ചു ചലനമറ്റു കിടക്കുന്നു. സ .സനൂപ് DYFl മേഖലാ ജോ. സെക്രട്ടറിയാണ്. CPI(M) ബ്രാഞ്ച് സെക്രട്ടറിയാണ്. സംഘപരിവാർ ഭീകരരാണ് കൊന്നു തള്ളിയത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അരുംകൊല ചെയ്യപ്പെടുന്ന നാലാമത്തെ ചെറുപ്പക്കാരനാണ് സനൂപ്. RSS ഉം കോൺഗ്രസും ആയുധങ്ങൾ തേച്ചു മിനുക്കുന്നു. കമ്യൂണിസ്റ്റുകാർ ഓരോരുത്തരായി കൊല്ലപ്പെടുന്നു.
കേരളം ചോരയിൽ കുതിരുമ്പോൾ മൗനം പാലിയ്ക്കുന്നവർ കൊലയാളികൾക്കൊപ്പമാണ്. ഇന്നത്തെ മുഖ്യധാരാ പത്രങ്ങളുടെ പല എഡിഷനുകളിലും ഈ വാർത്തയേ ഇല്ലത്രെ .
വാർത്ത കൊടുത്തചില എഡിഷനുകളിൽ അതു കാണണമെങ്കിൽ പത്രം സൂക്ഷ്മപരിശോധന നടത്തണം. പത്രാധിപന്മാർ മഷി നിറച്ച പേനയുമായി കാത്തിരിപ്പാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖപ്രസംഗമെഴുതാൻ. പരമ്പരകളുമായി ലേഖകരും അക്ഷമരാണ്.
പക്ഷേ പ്രതിസ്ഥാനത്ത് കമ്യൂണിസ്റ്റുകാർ വരണമെന്നു മാത്രം. അപ്പോഴെ കേരളത്തിൽ മാധ്യമങ്ങളാൽ കൊലപാതകങ്ങൾ എതിർക്കപ്പെടൂ. കൊല്ലപ്പെടുന്നവന്റെ മുഖവും പിടിച്ച കൊടിയുടെ നിറവും നോക്കി മാത്രം പിറക്കുന്ന മുഖപ്രസംഗങ്ങൾക്കും ലേഖന പരമ്പരകൾക്കും വാർത്തകൾക്കും നാടിനെ സമാധാനത്തിലേയ്ക്ക് നയിക്കാനാവില്ല.
കൊലയാളികളെ ചിറകിൻ കീഴിലൊളിപ്പിച്ച് സമാധാനത്തെക്കുറിച്ച് ഉപന്യാസമെഴുതുന്നതിനേക്കാൾ വലിയ നെറികേടും ക്രൂരതയും വേറെയില്ല. കൊലയാളികളെ തുറന്നു കാണിച്ചും ഒറ്റപ്പെടുത്തിയും മാത്രമേ നാട്ടിൽ സമാധാനം നിലനിർത്താനാവൂ . മണ്ണിൽ നിലയ്ക്കാതെ ചോരയൊഴുകുമ്പോൾ മൗനം പാലിയ്ക്കുന്നവർ കൊലയാളികളെ സഹായിക്കുകയാണ് ചെയ്യുന്നത്.
സ. സനൂപിന്റെ മരണമില്ലാത്ത ഓർമകൾക്കു മുന്നിൽ തലകുനിയ്ക്കുന്നു. ഒരു പിടി രക്തപുഷ്പങ്ങൾ …
Discussion about this post