ഭുവനേശ്വര്‍: ഒഡീഷ മുന്‍ മന്ത്രിയും ബിജെഡി (ബിജു ജനതാ ദള്‍) എംഎല്‍എയുമായ പ്രദീപ് മഹാരതി കൊവിഡ് ബാധിച്ചു മരിച്ചു. 65 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. ഇതാദ്യമായാണ് ഒഡീഷയില്‍ ഒരു എംഎല്‍എ കൊവിഡ് ബാധിച്ച് മരിക്കുന്നത്.
സെപ്റ്റംബര്‍ 14-നാണ് മഹാരതിക്ക് കൊവിഡ് പോസിറ്റീവായത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്നു അദ്ദേഹം. 1985ല്‍ പിപിലി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജനതാ പാര്‍ട്ടി പ്രതിനിധിയായി മഹാരതി ഒഡീഷ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിപിലിയില്‍ നിന്ന് ഏഴു തവണ മഹാരതി നിയമസഭയിലെത്തി. അഞ്ച് തവണ ബിജു ജനതാ ദള്‍ (20002019) ടിക്കറ്റിലും ജനതാ പാര്‍ട്ടി (1985), ജനതാദള്‍ (1990) ടിക്കറ്റുകളില്‍ ഓരോ തവണയും തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 65 ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 75829 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6549374 ആയി ഉയര്‍ന്നു. 940 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 101782 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 937625 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 5509967 പേരാണ് രോഗമുക്തി നേടിയത്.
Discussion about this post