തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്കൂളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സ്കൂളുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പ്ലാന്‍ഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാര്‍ഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്കൂളുകള്‍ക്കായി നിര്‍മിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിലും കാസര്‍കോടും രണ്ടു വീതവും കോട്ടയത്തും എറണാകുളത്തും മൂന്നു വീതവും വയനാട്ടില്‍ നാലും ഇടുക്കിയില്‍ അഞ്ചും കൊല്ലത്തും പാലക്കാടും ആറ് വീതവും കോഴിക്കോട് ഏഴും മലപ്പുറത്ത് ഒന്‍പതും തിരുവനന്തപുരത്തും ആലപ്പുഴയിലും പത്ത് വീതവും തൃശൂരില്‍ പതിനൊന്നും കണ്ണൂരില്‍ പന്ത്രണ്ടും സ്കൂള്‍ കെട്ടിടങ്ങളാണ് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചത്. വരും തലമുറയെകൂടി കണ്ടുകൊണ്ടാണ് സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ നടപ്പാക്കിയത്.
പണ്ട് പൊതുവിദ്യാലയങ്ങള്‍ അടഞ്ഞു പോകുന്നതിനെക്കുറിച്ചായിരുന്നു സമൂഹം ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോള്‍ ഇവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്. നിലവില്‍ കൊവിഡ് 19 ഉയര്‍ത്തിയ പ്രതിസന്ധിയുണ്ട്. സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുന്ന സമയം അവ ആരംഭിക്കാമെന്നാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞു. ഇതിന് നാടിന്റെയാകെ സഹകരണമുണ്ടായി.പൊതുവിദ്യാലയങ്ങള്‍ ആകെ മികവിന്റെ കേന്ദ്രമാക്കുക എന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിട്ടത്. സര്‍ക്കാരിന്റെ ഈ നീക്കത്തിന് തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, ഇതിനോട് താത്പര്യമുള്ള മറ്റു വ്യക്തികള്‍ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ. പി. ജയരാജന് എന്നിവര്‍ സംസാരിച്ചു.
Discussion about this post