തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഇന്ന് മുതല്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലാണ് നിരോധനാജ്ഞ.
13 ജില്ലകളില്‍ ഒക്ടോബര്‍ 31 വരെയാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. കാസര്‍കോഡ് ഈ മാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.
അതേസമയം, കണ്ടെയ്ന്മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും.
കണ്ടെയ്ന്മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. പ്രഖ്യാപിച്ച പരീക്ഷകളും നടക്കും. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം.
കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് അഞ്ചുപേരില്‍ കൂടുതലുള്ള പൊതുപരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. വിവാഹത്തിന് 50 പേര്‍ക്കും ശവസംസ്കാര ചടങ്ങില്‍ 20 പേര്‍ക്കും പങ്കെടുക്കാം. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മതചടങ്ങുകള്‍ എന്നിവ പരമാവധി 20 പേരെ വരെ പങ്കെടുപ്പിക്കാം. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുണ്ടാകും.
Discussion about this post