ഐപിഎലില്‍ ആദ്യമായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മലയാളി പേസര്‍ കെഎം ആസിഫ്. കെഎം ആസിഫ് ഐപിഎലിലെ ബയോ ബബിള്‍ ലംഘിച്ചു.ബബിളിനു പുറത്തുള്ള ഹോട്ടല്‍ റിസപ്ഷനിലേക്കാണ് താരം പോയത്. ബബിളില്‍ നിന്ന് പുറത്തുകടന്നതിനെ തുടര്‍ന്ന് ആറു ദിവസത്തെ ക്വാറന്റീനു ശേഷം താരം ചെന്നൈ ക്യാമ്പില്‍ വീണ്ടും ജോയിന്‍ ചെയ്തു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ ഹോട്ടല്‍ മുറിയുടെ താക്കോല്‍ മറന്നുപോയതിനെ തുടര്‍ന്നാണ് മറ്റൊരു താക്കോലിനായി ആസിഫ് റിസപ്ഷനിലേക്ക് പോയത്. ഹോട്ടല്‍ റിസപ്ഷന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബബിളില്‍ വരുന്നതല്ല. എന്നാല്‍ ബബിള്‍ ലംഘിച്ച വിവരം ഐപിഎല്‍, ചെന്നൈ ടീം അധികൃതരെ താരം അറിയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആസിഫിന് ക്വാറന്റീന്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ആസിഫ് മനപൂര്‍വം ചെയ്ത തെറ്റല്ലെന്നും നിയമം പാലിക്കേണ്ടതു കൊണ്ടാണ് താരത്തെ ക്വാറന്റീന്‍ ചെയ്തതെന്നും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. ബയോ ബബിള്‍ ലംഘനവുമായി ബന്ധപ്പെട്ട് കടുത്ത നിയമങ്ങളാണ് ഐപിഎലില്‍ ഉള്ളത്. ആദ്യ തവണ 6 ദിവസത്തെ ക്വാറന്റീനാണ് ശിക്ഷ. രണ്ടാം തവണ ബയോ ബബിള്‍ ലംഘിച്ചാല്‍ 6 ദിവസത്തെ ക്വാറന്റീനൊപ്പം ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്യും. മൂന്നാം വട്ടം ബയോ ബബിള്‍ ലംഘിച്ചാല്‍ താരത്തെ ടൂര്‍ണമെന്റില്‍ നിന്ന് വിലക്കും. ഫ്രാഞ്ചൈസികള്‍ക്ക് പകരം താരത്തെ എത്തിക്കാനും അനുവാദം ഉണ്ടാവില്ല.
2018ലാണ് ആസിഫ് ഐപിഎല്ലിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ട് കളി മാത്രമാണ് ആസിഫിന് ഇതുവരെ കളിക്കാനായത്. നേടിയത് മൂന്ന് വിക്കറ്റും. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ താരനിരയെ തുടര്‍ന്ന് ആസിഫിന് കഴിഞ്ഞ രണ്ട് സീസണായി പ്ലേയിങ് ഇലവനിലേക്ക് എത്താനായിട്ടില്ല.
Discussion about this post