ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് കേസിൽ ചരിത്ര വിധി പ്രസ്താവിച്ച് സുപ്രീംകോടതി. മസ്ജിദ് പൊളിച്ച സംഭവത്തിൽ ബിജെപി-സംഘപരിവാർ നേതാക്കളായ എൽകെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പെടെയുള്ള 32 പ്രതികളെയും കോടതി വെറുതെ വിട്ടു. 1992 ഡിസംബർ ആറിന് അയോധ്യ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 197 / 1992 , ക്രൈം നമ്പർ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്. കേസിൽ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ആണ് വിധി പറഞ്ഞത്.
ബിജെപിയുടെ മുതിർന്ന നേതാവായ എൽകെ അദ്വാനിയുൾപ്പെടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിരുന്നു. 48 പേരായിരുന്നു കേസിലെ പ്രതികൾ. 28 വർഷത്തിന് ശേഷം വിധി വരുമ്പോൾ ജീവിച്ചിരിക്കുന്ന 32 പ്രതികളിൽ 26 പേരാണ് കോടതിയിൽ ഹാജരായത്.
പ്രതികളായ വിനയ് കത്യാർ, ധരം ദാസ്, വേദാന്തി, ലല്ലു സിങ്, ചമ്പത്ത് റായ്, പവൻ പാണ്ഡേ തുടങ്ങിയവർ ഹാജരായപ്പോൾ, മഹന്ത് നിത്യ ഗോപാൽ ദാസ്, കല്യാൺ സിങ് എന്നിവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് വിലക്കി. അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പെടെ ആറ് പ്രതികൾ അനാരോഗ്യം ചൂണ്ടികാട്ടി കോടതിയിൽ ഹാജരായില്ല. കല്യാൺ സിങ്, ഉമാ ഭാരതി എന്നിവർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്‌നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്‌നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്കുമാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി. ഒടുവിൽ ബാബ്‌റി ഭൂമി അവകാശ തർക്കത്തിലെ വിധി വന്നശേഷമാണ് പള്ളി പൊളിച്ച കേസിലെ വിധി വന്നിരിക്കുന്നത്.
Discussion about this post