തിരുവനന്തപുരം: പുഴുവരിച്ച നിലയില്‍ കോവിഡ് രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പത്തോളം ജീവനക്കാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ്.
വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അധികൃതരുടെ അശ്രദ്ധ മൂലം ഈ ദുരനുഭവം നേരിട്ടത്. ഓഗസ്റ്റ് 21ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ തെന്നി വീണ് അനില്‍ കുമാറിന് പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ ചികിത്സയില്‍ കഴിയവെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 24ന് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഈ മാസം ആറിന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസ്റ്റീവാണെന്ന് കണ്ടെത്തി.
ഈ മാസം 26ന് കോവിഡ് നെഗറ്റീവായി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ദേഹത്തു നിന്ന് അസഹ്യമായ തരത്തില്‍ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടെത്തി.
ഇതിന് പിന്നാലെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട ആശുപത്രിയിലേയ്ക്ക് മാറ്റിയ അനില്‍ കുമാറിന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ നഴ്സുമാരുള്‍പ്പെടെയുള്ളവരോട് ആശുപത്രി സൂപ്രണ്ടാണ് വിശദീകരണം തേടിയത്.
Discussion about this post