അബുദാബി: ഐപിഎൽ 13ാം സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ വിജയം. സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അനായാസം മറികടന്നു. 18 ഓവറിൽ മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്തയുടെ വിജയം. 62 പന്തിൽ നിന്നും 70 റൺസെടുത്ത ശുഭ്മാൻ ഗിൽ, 13 പന്തിൽ നിന്നും 26 റൺസെടുത്ത നിതിഷ് റാണ, 29 പന്തിൽ നിന്നും 42 റൺസെടുത്ത ഒയിൻ മോർഗൻ എന്നിവരാണ് കൊൽക്കത്തയെ വിജയത്തേരിലേറ്റിയത്.
നേരത്തേ, കൊൽക്കത്ത ബൗളർമാർ മികച്ച ഫോമാണ് ഹൈദരാബാദിന് തിരിച്ചടിയായത്. പത്ത് പന്തിൽ നിന്നും അഞ്ച് റൺസെടുത്ത ജോണി ബെയർസ്‌റ്റോയെ തുടക്കത്തിലേ മടക്കിയത് കൊൽക്കത്തയ്ക്ക് ആശ്വാസമായി. മനീഷ് പാണ്ഡേയും (51), ഡേവിഡ് വാർണറും (36) ഹൈദരാബാദിനായി ക്രീസിൽ ഉറച്ചുനിന്നു.
പക്ഷേ ഇരുവർക്കും അതിവേഗത്തിൽ സ്‌കോർ നിരക്ക് ഉയർത്താനായില്ല. ഡേവിഡ് വാർണർ 30 പന്തുകളിൽ നിന്നാണ് 36 റൺസെടുത്തത്. മനീഷ് പാണ്ഡേ 38 പന്തുകളിൽ നിന്നാണ് 51 റൺസെടുത്തത്. 31 പന്തുകൾ നേരിട്ട വൃദ്ധിമാൻ സാഹക്ക് വെറും 30 റൺസെടുക്കാനേ ആയുള്ളൂ. നാലോവറിൽ 19 റൺസ്മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസും ആശ്വാസമായി. മുമ്പ് മുംബൈക്കെതിരായ ആദ്യമത്സരത്തിൽ കമ്മിൻസ് കൈയ്യയച്ച് റൺസ് വിട്ടുകൊടുത്തിരുന്നു.
Discussion about this post