തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളം പിന്നോട്ടല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിൽ രോഗമുക്തി നിരക്ക് ഉയർന്നുതന്നെയാണ് ഉള്ളതെന്നും മന്ത്രി വിശദീകരിച്ചു. പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച സമീപനം ശരിയായിരുന്നു. പല രാജ്യങ്ങളും ഹെർഡ് ഇമ്യൂണിറ്റി എന്ന സമീപനമായിരുന്നു കൊവിഡ് പ്രതിരോധത്തിൽ സ്വീകരിച്ചിരുന്നത്. എന്നാൽ കേരളം ആ മാർഗമല്ല സ്വീകരിച്ചത്. കേരളത്തിന്റെ സമീപനം ശരിയാണെന്ന് ഓർമപ്പെടുത്തുന്ന അനുഭവമാണ് ലോകത്തിന്റെ പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ നമുക്കുള്ളത്. കൊവിഡിനെ അങ്ങനെ സ്വതന്ത്രമായി വിടാനും ആയിരങ്ങൾ മരണത്തിന് കീഴടങ്ങാനുമല്ല കേരളം തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫ് വളരെ താഴ്ത്തിക്കൊണ്ടുവരാനും പകർച്ചയുടെ ഗ്രാഫ് കുറയ്ക്കാനും ശ്രമിച്ചു. അതുകൊണ്ട് കൊവിഡിന്റെ ആദ്യ കേസു മുതൽ ഇന്നു വരെ കൊവിഡിന്റെ ഗ്രാഫ് താഴ്ത്താൻ എല്ലാ ഇടപെടലും നടത്തുന്നുണ്ട്. ചില ഘട്ടങ്ങളിൽ നന്നായി വിജയിച്ചു. ഗ്രാഫ് താഴ്ത്തി സീറോ ലെവലിൽ എത്തിക്കാനും മരണനിരക്ക് വളരെ കുറച്ച് നിർത്താനും സാധിച്ചു. വ്യാപന നിരക്കും ഒരു ഘട്ടത്തിൽ കുറച്ചു നിർത്താനും സാധിച്ചു. എന്നാൽ മറ്റൊരു ഘട്ടത്തിൽ ഗ്രാഫുകൾ വീണ്ടും ഉയരാൻ തുടങ്ങി. ഇത് പ്രതീക്ഷിച്ചതായിരുന്നു. ലാക്ക്ഡൗണും മറ്റും എടുത്തുമാറ്റുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. ഈ സാഹചര്യത്തിലും കേരളം കൊവിഡ് പ്രതിരോധത്തിലെ സമീപനം മാറ്റിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
അതേസമയം, ഇളവുകൾ നൽകിയ പല രാജ്യങ്ങളും ഇപ്പോൾ വീണ്ടും കടുത്ത അടച്ചുപൂട്ടലിലേക്ക് നീങ്ങാൻ ആലോചിക്കുന്നുണ്ട്. നിസാരമായി തള്ളിക്കളയേണ്ടതല്ല കേരളത്തിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1,67, 939 പേർക്കാണ്. 1,14,530 പേർ രോഗമുക്തി നേടി. കേരളത്തിൽ രോഗമുക്തി നിരക്ക് കുറവല്ല. ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിൽ രോഗിയെ ഡിസ്ചാർജ് ചെയ്യുന്നുള്ളൂ. ചിലർക്ക് പത്താം ദിവസവും മറ്റു ചിലർക്ക് പതിനഞ്ചാം ദിവസവും നെഗറ്റീവ് ആകും. നെഗറ്റീവ് ആകാൻ പലർക്കും വേണ്ടത് വ്യത്യസ്ത സമയമാണ്.
കേന്ദ്രസർക്കാരിന്റെ തന്നെ നിർദേശം അനുസരിച്ച് രോഗി അഡ്മിറ്റായി നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്ന രീതി മറ്റു പലയിടത്തുമുണ്ട്. ഇവിടങ്ങളിൽ കൂട്ടത്തോടെ ആളുകളെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കും. കേരളത്തിൽ ഇത്തരത്തിൽ ഡിസ്ചാർജ് ചെയ്യാറില്ലെന്നും മന്ത്രി വിശദീകരിച്ചു.
Discussion about this post