കൊച്ചി: മട്ടാഞ്ചേരി ടൗണ്‍ഹാളില്‍ വെച്ച് ഇതിനോടകം ഒരുപാട് വിവാഹങ്ങള്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇക്കുറി നടന്നത് അല്‍പ്പം വ്യത്യസ്തമായ ഒരു വിവാഹമാണ്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി മാറിയ മട്ടാഞ്ചേരി ടൗണ്‍ഹാളില്‍ വെച്ച് നടന്ന വിവാഹചടങ്ങില്‍ വധുമാത്രമാണ് ഉണ്ടായിരുന്നത്.
മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകന് നിയാസും ഫോര്‍ട്ട്കൊച്ചി കുന്നുംപുറം പള്ളിപറമ്പില്‍ പരേതനായ ലുക്ക്മാന്റെ മകള്‍ ഫായിസയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച്ചയാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് ഏതാനും ദിവസം മുമ്പ് കോവിഡ് ബാധിച്ച വധുവിനെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കിയ മട്ടാഞ്ചേരി ടൗണ്‍ഹാളിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ കല്യാണം മാറ്റിവെക്കേണ്ട എന്നായിരുന്നു വധുവിന്റെയും വരന്റെയും ബന്ധുക്കളുടെയും തീരുമാനം. അങ്ങനെ നിശ്ചയിച്ച ദിവസം തന്നെ കല്യാണം നടത്തുകയായിരുന്നു. മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹിയുദ്ധീന് പള്ളിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പിതാവ് മരിച്ചതിനാല്‍ വധുവിന്റെ പിതാവിന്റെ സഹോദരന് ഷൗക്കി വരന് നിക്കാഹ് ചെയ്ത് കൊടുത്തു.
ഈ സമയം മട്ടാഞ്ചേരി ടൗണ്‍ഹാളില്‍ വധു പുതു വസ്ത്രങ്ങളെടുത്ത് അണിഞ്ഞൊരുങ്ങി. കൂടെയുള്ള മറ്റ് രോഗികള്‍ ചേര്‍ന്ന് ടൗണ്‍ഹാള്‍ ഒരു ആഘോഷ കേന്ദ്രമാക്കി മാറ്റി. ഒപ്പനയും താള മേളങ്ങളുമായി ടൗണ്‍ഹാള്‍ ശരിക്കും ഒരു കല്യാണ വീടായി മാറുകയായിരുന്നു.
വധുവിന് അണിയാനുള്ള വസ്ത്രങ്ങളും മറ്റുള്ളവയും ബന്ധുക്കള്‍ തലേദിവസം വൈകിട്ട് തന്നെ ടൗണ്‍ഹാളില്‍ എത്തിച്ചിരുന്നു. എന്തായാലും കോവിഡ് രോഗി പരിചരണ കേന്ദ്രത്തില്‍ നടന്ന വിവാഹ ആഘോഷ ചടങ്ങുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
Discussion about this post