കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ച് ഡോ. കഫീല്‍ ഖാന്. ഭാര്യയ്ക്കൊപ്പമെത്തിയാണ് കഫീല്‍ ഖാന് പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചത്. കഫീല്‍ ഖാന്റെ മോചനത്തിനായി മുന്നോട്ട് വന്ന ആളാണ് പ്രിയങ്ക ഗാന്ധി. ഇതിന്റെ അടിസ്ഥാനത്തിലാണ് കഫീല്‍ ഖാന് കുടുംബത്തോടൊപ്പം പ്രിയങ്കയെ സന്ദര്‍ശിച്ചത്.
യുപി സര്‍ക്കാര്‍ ഇനിയും വേട്ടയാടുമോ എന്ന ഭയത്തില്‍ ഇദ്ദേഹം രാജസ്ഥാനിലേക്ക് താമസം മാറ്റിയിരുന്നു. പ്രിയങ്ക തന്നെയാണ് രാജസ്ഥാനില്‍ സുരക്ഷിതമായ ഇടം ഒരുക്കിയതും. യുപി പോലീസ് ദേശസുരക്ഷാ നിയമം അനുസരിച്ച് ജയിലിലടച്ചത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ അലഹാബാദ് ഹൈക്കോടതി ജില്ലാ മജിസ്ട്രേട്ടിന്റെ നടപടിയെ വിമര്‍ശിക്കുകയും ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 2017 ല്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ വിമര്‍ശിച്ചതിനാല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും താനും കുടുംബവും കഷ്ടപ്പാടുകള്‍ സഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ യുപിയിലേയ്ക്ക് തന്നെ തിരികെ വരുമെന്നും സര്‍ക്കാരിനെ ഭയന്ന് നാടുവിടുകയില്ലെന്നും കഫീല്‍ ഖാന് പ്രതികരിച്ചിരുന്നു.
Discussion about this post