ഇടുക്കി: പന്നിയാര്‍ പുഴയ്ക്ക് സമീപത്തെ ലക്ഷംവീട് കോളനിയില്‍ വര്‍ഷങ്ങളായി അമ്മയും മകളും തനിച്ചാണ് താമസം. കഴിഞ്ഞ ദിവസം രാവിലെ അഞ്ച് മണിക്ക് അമ്മ ഉണര്‍ന്നപ്പോള്‍ മകളെ വീട്ടില്‍ കണ്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ, ഇവര്‍ കുട്ടിയെ സമീപത്തെ പന്നിയാര്‍ പുഴക്കരയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ മകളുടെ ചെരിപ്പുകള്‍ പുഴക്കരയില്‍ കണ്ടതോടെ ഇവര്‍ പരിഭ്രാന്തയായി, സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആനയിറങ്കല്‍ ഡാം കവിഞ്ഞൊഴുകുന്നതിനാല്‍ പുഴയില്‍ നീരൊഴുക്ക് അതി ശക്തമായിരുന്നു. വെള്ളത്തിലിറങ്ങിയ കുട്ടി അബദ്ധത്തില്‍ പുഴയില്‍ വീണെന്ന നിഗമനത്തില്‍ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ശാന്തന്‍പാറ പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ കുത്തൊഴുക്ക് അവഗണിച്ച് പുഴയിലിറങ്ങി തിരച്ചില്‍ ആരംഭിച്ചു. വൈകാതെ നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് യൂണിറ്റും എത്തിച്ചേര്‍ന്നു. ആനയിറങ്കല്‍ ഡാമിന് ഷട്ടറുകള്‍ ഇല്ലാത്തതിനാല്‍ പുഴയിലേയ്ക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കുവാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കൂടുതല്‍ തയ്യാറെടുപ്പുകളോടെ തിരച്ചില്‍ നടത്തുവാന്‍ ആലോചിക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടി സുരക്ഷിതയായി കൊടൈക്കനാലില്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ച് അമ്മാവന്റെ ഫോണ്‍ വിളിയെത്തിയത്.
അമ്മയുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് രാവിലെ വീടുവിട്ടിറങ്ങുകയും, തെറ്റിദ്ധരിപ്പിക്കുന്നതിനായി ചെരിപ്പുകള്‍ പുഴക്കരയില്‍ ഊരി വച്ച ശേഷം മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ ടൗണിലെത്തി തമിഴ്‌നാട്ടിലേയ്ക്കുള്ള ബസ്സില്‍ കയറി കൊടൈക്കനാലിന് പോവുകയായിരുന്നെന്ന് കുട്ടി അമ്മാവനോട് പറഞ്ഞത്.
Discussion about this post