തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് ശേഷം കോവിഡ് വ്യാപനം രൂക്ഷമായെന്ന് ആരോഗ്യ വകുപ്പ്. ഓണത്തോടനുബന്ധിച്ച് ആളുകള്‍ കൂടുതല്‍ അടുത്തിടപഴകാനും അതിലൂടെ രോഗവ്യാപനം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ട് ഇത് ശരിവെക്കുന്നതാണ്.
കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് കൂടി. മൂന്ന് ജില്ലകളില്‍ രോഗികള്‍ ഇരട്ടിക്കുന്നതിലെ ഇടവേള കുറയുകയും ചെയ്തു. ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് ജനങ്ങള്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് മുന്‍ ആഴ്ചകളെക്കാള്‍ ഗണ്യമായി വര്‍ധിച്ചു. പരിശോധനക്ക് വിധേയമാക്കുന്നവരില്‍ പോസിറ്റീവ് ആകുന്നതിന്റെ തോത് തിരുവനന്തപുരത്ത് 9.9 ല്‍ നിന്നും 13.6 ശതമാനമായും കണ്ണൂരില്‍ 8.2 ല്‍ നിന്നും 12.6 ശതമാനമായുമാണ് വര്‍ധിച്ചത്.
16 ശതമാനനമുള്ള മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം. ഓഗസ്റ്റ് അവസാനവാരത്തെ അപേക്ഷിച്ച് ഇത് കുറവാണ്. ഓണത്തിന് ശേഷം കൊല്ലം, ഇടുക്കി ജില്ലകളിലെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കുറഞ്ഞു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം.
Discussion about this post