പൂനെ: മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് എട്ട് ദിവസത്തിനുള്ളില്‍ പിഴയിനത്തില്‍ ലഭിച്ചത് ഒരു കോടിയിലധികം തുകയെന്ന് പൂനെ പോലീസ്. ഇതുവരെ 27989 പേരില്‍ നിന്ന് പിഴ ഈടാക്കിയതായും പോലീസ് അറിയിക്കുന്നു. സെപ്റ്റംബര്‍ 2നും 8നു ഇടയിലാണ് ഈ കണക്ക് എന്നും പോലീസ് വ്യക്തമാക്കി.
ഒരു കോടിയിലധികം രൂപയാണ് പിഴത്തുകയിനത്തില്‍ ലഭിച്ചതെന്ന് പൂനെ ക്രൈംബ്രാഞ്ച് ഡിസിപി ബച്ചന്‍ സിംഗ് അറിയിച്ചു. കൊവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ മാസ്‌ക് ധരിക്കാന്‍ ജനങ്ങളില്‍ പലരും വിമുഖത പ്രകടിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ അവരില്‍ നിന്നും പിഴ ഈടാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
മാസ്‌ക് ധരിക്കാത്ത ഒരാളില്‍ നിന്നും 500 രൂപ വീതം ഈടാക്കിയെന്നും പോലീസ് പറഞ്ഞു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് പോലീസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയാണ് ഏകമാര്‍ഗമെന്നും പോലീസ് വ്യക്തമാക്കി. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപയും പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്ക് 1000 രൂപയുമാണ് പിഴയിട്ടിരിക്കുന്നത്.
Discussion about this post