തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാനും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇപ്പോള്‍ തന്നെ നടത്തണമെന്ന ബിജെപി നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് സര്‍കക്ഷിയോഗത്തിന് ശേഷം ചെന്നിത്തല പറഞ്ഞു.’പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇപ്പോള്‍ത്തന്നെ നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപിക്ക് എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും കുഴപ്പമില്ല. ജയിക്കില്ലല്ലോ. ആളുകള്‍ വോട്ട് ചെയ്യണമെന്നും അവര്‍ക്കില്ല’, ചെന്നിത്തല ആരോപിച്ചു.
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. നിലപാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടെന്നാണ് എല്ലാ പാര്‍ട്ടികളും യോഗത്തില്‍ അഭിപ്രായപ്പെട്ടത്.
നിലവില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ ചെലവുകളിലേക്ക് നയിക്കുമെന്ന പൊതുവികാരമാണ് സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി ഔദ്യോഗികമായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.
Discussion about this post